pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രണ്ടാഴ്ചക്കുള്ളിൽ നിയന്ത്രണവിധേയമാക്കണമെന്ന് അവലോകന യോഗത്തിൽ മുഖ്യമന്ത്രിയുടെ ഉഗ്രശാസന.

സമൂഹ്യവ്യാപനം നിയന്ത്രിക്കാനും കണ്ടെയ്ൻമെന്റ് ,ക്രിട്ടിക്കൽ തുടങ്ങിയ നിയന്ത്രണ മേഖലകൾ നിർണ്ണയിക്കാനും അത് കൃത്യമായി പാലിക്കാനും പൊലീസിന് കൂടുതൽ അധികാരം നൽകും..ഇതനുസരിച്ച് ഇന്നലെ തന്നെ ചീഫ് സെക്രട്ടറി ജില്ലാകളക്ടർമാർക്ക് സർക്കുലർ അയച്ചു. രണ്ടാഴ്ചക്കുളളിൽ രോഗനിയന്ത്രണം സാധ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കാനും ഇൻസിഡൻ്റ് കമാന്റോസായി പൊലീസുദ്യോഗസ്ഥരെ നിയമിക്കാനുമാണ് നിർദ്ദേശം. പ്രതിരോധ പ്രവർത്തനത്തിൽ ജില്ലാ പൊലീസ് മേധാവിമാർക്കാണ് മുൻഗണന.

അതേസമയം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല പൂർണമായി പൊലീസിനെ ഏൽപ്പിക്കുന്നതിൽ കളക്ടർമാർക്ക് അമർഷമുണ്ട്. ഇന്നലെ വീഡിയോ കോൺഫറൻസിലൂടെ നടന്ന അവലോകനയോഗത്തിൽ ചിലർ ഇത് പ്രകടിപ്പിക്കുകയും ചെയ്തു. ഇതുവരെ കൊവിഡ് പ്രതിരോധത്തിൽ കളക്ടർമാർക്കായിരുന്നു പൂർണ്ണ ചുമതല. ജില്ലാമെഡിക്കൽ ഒാഫീസർമാരുമായി ആലോചിച്ചാണ് കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്. ഇനി ജില്ലാ പൊലീസ് മേധാവികൾ കാര്യങ്ങൾ തീരുമാനിക്കുന്ന സ്ഥിതിയാണ്. കണ്ടെയ്മെന്റ് സോണുകളും നിയന്ത്രണങ്ങളുമെല്ലാം അവരുടെ ചുമതലയായിരിക്കും. ഇത് ആരോഗ്യ പ്രവർത്തകരിലും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളും അതൃപ്തികളും കൊവിഡ് പ്രതിരോധത്തെ ബാധിക്കരുതെന്ന് മുഖ്യമന്ത്രി ഒാർമ്മിപ്പിച്ചു. ആരോഗ്യപ്രവർത്തകരെയും കളക്ടർമാരെയും സഹായിക്കാനാണ് പൊലീസിന് കൂടുതൽ ഉത്തരവാദിത്വം നൽകുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.