ഹരിപ്പാട്: മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കുമാരപുരം പൊത്തപ്പള്ളി കൃഷ്ണഗാഥയിൽ രാഹുലിനെ(ചെമ്പൻ 24) ആണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ പുത്തൻപുരയിൽ മധു വിന്റെ വീട്ടിൽ ആണ് കഴിഞ്ഞ ദിവസം രാത്രി രാഹുൽ മാരകായുധങ്ങളുമായി എത്തി ജനൽച്ചില്ലുകൾ അടിച്ചു തകർത്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രാഹുലിനെ ലഹരി വിമുക്ത ചികിത്സയ്ക്കായി കോട്ടയത്തെ ബന്ധുക്കളുടെ വീട്ടിൽ അയച്ചിരിക്കുകയായിരുന്നു. എന്നാൽ രാഹുൽ അവിടെനിന്നും ആരെയും അറിയിക്കാതെ തിരികെ നാട്ടിലേക്ക് എത്തി . തുടർന്ന് കഴിഞ്ഞ ഒന്നാംതീയതി ബന്ധുക്കൾ രാഹുലിനെ അന്വേഷിച്ചു കുമാരപുരത്തെ വീട്ടിലെത്തി. ഈ സമയം മധുവും ബന്ധുക്കളോടൊപ്പം സംസാരിക്കുവാനായി സ്ഥലത്തുണ്ടായിരുന്നു. ഇതു മൂലമുണ്ടായ വൈരാഗ്യമാകാം ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.