കടയ്ക്കാവൂർ : കടയ്ക്കാവൂർ പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണം പേരിന് മാത്രമെന്ന് ആക്ഷേപം. കൊവിഡിന് പുറമെ മഴക്കാലമായതിനാൽ പകർച്ചവ്യാധികളും പടർന്നു പിടിക്കുമെന്ന ആശങ്കയിലാണ് പഞ്ചായത്ത് നിവാസികൾ. മുൻകാലങ്ങളിൽ ചിക്കുൻ ഗുനിയ, ഡെങ്കി തുടങ്ങിയ പകർച്ചവ്യാധികൾ പഞ്ചായത്തിന്റെ ചില ഭാഗങ്ങളിൽ ഉണ്ടായി. പഞ്ചായത്ത് ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചതിനാൽ രോഗം വ്യാപകമാകാതെ തടയാൻ കഴിഞ്ഞു.
എന്നാൽ ഇപ്പോൾ പഞ്ചായത്തിൽ മഴക്കാലത്ത് വെള്ളം ഒഴുകി പോകേണ്ട ഓടകൾ പലതും ചപ്പും ചവറും കൊണ്ട് മൂടി കിടക്കുകയാണ്. മഴക്കാലം ആയതോടെ ഓടയിൽ കൂടി ഒഴുകേണ്ട വെള്ളം റോഡുകളിലൂടെയാണ് ഒഴുകുന്നത്. ഇത് റോഡുകൾ പൊട്ടിപ്പൊളിയാനും ഗതാഗത തടസത്തിനും കാരണമാകുന്നു.
മുൻകാലങ്ങളിൽ ഓട വൃത്തിയാക്കുക എന്ന പേരിൽ ഓടയിലെ മണ്ണും ചെളിയും ചപ്പും ചവറും ഓടയുടെ മുകൾ ഭാഗങ്ങളിൽ കോരി വയ്ക്കുകയായിരുന്നു പതിവ്. ഒരു മഴ പെയ്യുമ്പോൾ തന്നെ ഇവ ഓടയിലേക്ക് തിരികെ ഒലിച്ചിറങ്ങും.ഇപ്രാവശ്യം ആ ചടങ്ങും നടന്നില്ല.
മഴപെയ്താൽ വെള്ളത്തോടൊപ്പം മാലിന്യം പൊതുനിരത്തിലൂടെയാണ് ഒഴുകുന്നത്. പഞ്ചായത്തിലെ പൊതു ചന്തകളും മാലിന്യത്താൽ നിറഞ്ഞിട്ടുണ്ട് എന്നതാണ് മറ്റൊരു ആക്ഷേപം. മഴക്കാല പൂർവ ശുചീകരണം അടിയന്തരമായി നടത്തി സാംക്രമിക രോഗങ്ങൾ പടരാതിരിക്കാനും യാത്രാക്ലേശം ഒഴിവാക്കാനും പഞ്ചായത്ത് അധികൃതർ അടിയന്തരമായി ശ്രദ്ധിക്കണമെന്നതാണ് പഞ്ചായത്ത് നിവാസികളുടെ ആവശ്യം.