fishing

തിരുവനന്തപുരം: ട്രോളിംഗ് നിരോധനവും ലോക്ക് ഡൗണും സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്കുശേഷം മത്സ്യബന്ധനം വീണ്ടും തുടങ്ങുകയാണ് കടലിന്റെ മക്കൾ. വറുതികാലത്തിന് ആശ്വാസമാകുമെന്ന പ്രതീക്ഷയോടെ ഇന്ന് പുലർച്ചെതന്നെ ബോട്ടുകൾ കടലിലേക്കു കുതിച്ചു. സർക്കാർ മാർഗ നിർദ്ദേശങ്ങളും കൊവിഡ് പ്രോട്ടോക്കോളും പാലിച്ചാകും മത്സ്യബന്ധനം.

രജിസ്ട്രേഷൻ നമ്പരിന്റെ അടിസ്ഥാനത്തിൽ ഒറ്റ, ഇരട്ട അക്കം പാലിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാണ് യാനങ്ങൾക്ക് കടലിൽ പോകാൻ അനുമതി. 24 മണിക്കൂറിനകം പുറപ്പെട്ട സ്ഥലങ്ങളിൽ തിരിച്ചെത്തുകയും വേണം. രജിസ്ട്രേഷൻ നമ്പർ ഒറ്റയക്കത്തിൽ അവസാനിക്കുന്ന യാനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക വള്ളങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മത്സ്യബന്ധനം നടത്തും. തൊഴിലാളികളുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ പിടിക്കുന്ന മത്സ്യം അതത് സ്ഥലങ്ങളിൽ തന്നെ വില്പന നടത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

മത്സ്യലേലം ഇല്ലാതെയാണ് വിപണനം. ഹാർബറുകളിൽ ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളും ലാൻഡിംഗ് സെന്ററുകളിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടങ്ങുന്ന ജനകീയ കമ്മിറ്റികളും വില നിശ്ചയിക്കും. മത്സ്യവില്പനക്കാരും വാങ്ങാൻ എത്തുന്നവരും കൊവിഡ് പ്രോട്ടോക്കോൾ അനുസരിക്കണം.