പോത്തൻകോട്: മാലിന്യത്താൽ പൊറുതിമുട്ടുമ്പോഴും പോത്തൻകോട് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ജൈവ മാലിന്യ പ്ളാന്റ് ഉദ്ഘാടനം ചെയ്യാതെ നീളുന്നത് നാട്ടുകാർക്ക് ഇരുട്ടടിയാകുന്നു. ഏറെ പ്രചാരം നേടിയ തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്‌കരണ പ്ലാന്റ് പദ്ധതി ഒഴിവാക്കി തൃശൂരിലെ കുന്നംകുളം മോഡൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ മാതൃകയിലാണ് ഇവിടെ ജൈവ പ്ളാന്റും അജൈവ പ്ളാന്റും നിർമ്മിച്ചത്. എന്നാൽ, ഇതിന്റെ ആദ്യഘട്ട ഉദ്ഘാടനം നീണ്ടുപോകുന്നു എന്നാണ് ആക്ഷേപം.
ശുചിത്വ മിഷന്റെ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ജൈവ പ്ലാന്റ് നിർമ്മിച്ചത്. പാലക്കാട്ടെ ഐ.ആർ.ടി.സി കമ്പനിയാണ് ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ കരാർ ഏറ്റെടുത്തത്. യന്ത്രസാമഗ്രികൾ സ്ഥാപിച്ച്, ജൈവ മാലിന്യ സംസ്‌കരണത്തിന് വനിതകൾക്ക് പരിശീലനം നൽകുകയും പഞ്ചായത്ത് പരിധിയിൽ നിന്ന് മാലിന്യം ശേഖരിക്കാൻ വാഹനം വാങ്ങുകയും ചെയ്തു. എന്നാൽ പ്ളാന്റ് പ്രവർത്തിപ്പിക്കാൻ മാത്രം പഞ്ചായത്ത് തയ്യാറായിട്ടില്ല.
അജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി 20 ലക്ഷം മുടക്കി മറ്റൊരു പ്ലാന്റും നിർമ്മിച്ചു. ഇതും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. അജൈവ മാലിന്യ പ്ലാന്റ് കെട്ടിടത്തിനായി 4 ലക്ഷവും വിശ്രമ മുറിയ്ക്കും ടോയ്ലറ്റിനായി 6 ലക്ഷവും അനുവദിച്ചിരുന്നു. അജൈവ ഖരമാലിന്യം പൊടിക്കുന്നതിനുള്ള യന്ത്രം വാങ്ങാൻ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് നൽകിയ 12 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തതിനാൽ റദ്ദായിപ്പോയി.
പ്ളാന്റ് ഉടൻ പ്രവർത്തിപ്പിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ തുക വിനിയോഗിച്ചാൽ ബ്ലോക്കിലെ മറ്റ് നാല് പഞ്ചായത്തുകളിലെ മാലിന്യം കൂടി ഇവിടെ സംസ്‌കരിക്കണമെന്ന് ആവശ്യമുയർന്നു. ഇതാണ് 12 ലക്ഷം രൂപ റദ്ദാകാൻ കാരണം.
- വേണുഗോപാലൻ നായർ (പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ്)
ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ തുമ്പൂർ മോഡൽ ഉപേക്ഷിച്ചതിന് പിന്നിൽ വൻ അഴിമതിയുണ്ട്- എം. ബാലമുരളി, പോത്തൻകോട് ഗ്രാമപഞ്ചായത്ത് അംഗം