policeqarters

വക്കം: നിലയ്ക്കാമുക്കിൽ കോടികൾ വിലമതിക്കുന്ന പൊലീസ് ക്വാർട്ടേഴ്സുകൾ വർഷങ്ങളായി കാടുകയറി നശിക്കുന്നു. ക്വാർട്ടേഴ്സിനെ സംരക്ഷിക്കാൻ അർദ്ധ സർക്കാർ സ്ഥാപനമായ മിൽക്കോ കഴിഞ്ഞ ഓണക്കാലത്ത് നടത്തിയ ജൈവ പച്ചക്കറി കൃഷിയും പാതിവഴിയിൽ ഉപേക്ഷിച്ചു.
നിലയ്ക്കാമുക്കിന് സമീപം റോഡരികിലെ ഒന്നര ഏക്കർ പുരയിടത്തിൽ നിർമ്മിച്ച ഏഴ് വില്ലകളാണ് വർഷങ്ങളായി താമസിക്കാൻ ആളില്ലാതെ കാടുകയറി നശിക്കുന്നത്. ഏഴ് വില്ലകളിലുമായി പത്ത് പൊലീസ് കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയും.

ഓരോ വില്ല ഒഴിയുമ്പോഴും പകരം ആളുകൾ എത്താതിരുന്നതിനാൽ പൊലീസ് ക്വർട്ടേഴ്സ് അനാഥമായി.

ആരും താമസിക്കാനില്ലാതായതോടെ കെട്ടിം ജീർണാവസ്ഥയിലായി.

ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ കീഴിലുള്ള പൊലീസുകാർക്ക് താമസിക്കാൻ വേണ്ടിയാണ് വില്ലകൾ നിർമ്മിച്ചത്. വില്ലകൾ വന്നതോടെ സർക്കാരിന് വീട് വാടക അലവൻസ് എന്ന ഇനത്തിൽ ജീവനക്കാരിൽ നിന്നും നല്ലൊരു തുകയും ലഭിച്ചിരുന്നു. എന്നാൽ താമസിക്കാൻ ആളില്ലാതെ വന്നതോടെ സർക്കാർ വീണ്ടും വീട്ടുവാടക നൽകേണ്ടിവന്നു.

വില്ല നശിച്ചപ്പോൾ പകരം സംവിധാനമെന്ന നിലയിൽ പുരയിടത്തിന്റെ പിൻവശത്ത് ബഹുനില മന്ദിരം പണിഞ്ഞ് ജീവനക്കാർക്ക് നൽകി അധികൃതർ തലയൂരി. എന്നാൽ പ്രവേശന ഭാഗത്തെ ഭാർഗവി നിലയങ്ങൾ ഉള്ളിൽ താമസിക്കുന്നവർക്കും ഭീതി പരത്തുന്നു.