തിരുവനന്തപുരം: സർവതും തകർത്താണ് കൊവിഡിന്റെ പോക്ക്, കൂട്ടത്തിൽ നമ്മുടെ കുരുന്നുകളുടെ മനസും. പുറം ലോകവുമായി ബന്ധമില്ല, കൂട്ടുകാരില്ല, സ്കൂളില്ല, കളിക്കാനും പരിമിതികൾ. അടച്ചിരിപ്പിന്റെ നാളുകളിൽ വലിയ മാനസിക സമ്മർദ്ദമാണ് കുട്ടികളിലുണ്ടായത്. വർദ്ധിക്കുന്ന ആത്മഹത്യാ കണക്കുകൾ ഈ സത്യത്തിന് അടിവരയിടുന്നു.
ലോക്ക് ഡൗൺ തുടങ്ങിയ മാർച്ച് 25 മുതൽ 18 വയസിൽ താഴെയുള്ള 66 കുട്ടികളാണ് ആത്മഹത്യ ചെയ്‍തത്. ജൂലായ് ഒമ്പതിലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് പശ്ചാത്തലത്തിൽ നിരവധി കൗൺസലിംഗ് പദ്ധതികൾ ആവിഷ്‌കരിച്ചെങ്കിലും അവയൊന്നും കുട്ടികൾക്ക് ആശ്വാസമേകിയിട്ടില്ല.
സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ 'ചിരി" പദ്ധതിയും, ദിശ ഹെല്പ് ലൈൻ, 'ഒറ്റയ്‌ക്കല്ല ഒപ്പമുണ്ട്" തുടങ്ങിയ പദ്ധതികളിലൂടെയും നിരവധി കുട്ടികൾക്ക് കൗൺസലിംഗ് നൽകിയിരുന്നു.
ജില്ലാ മാനസികാരോഗ്യ കേന്ദ്രവും കൗൺസലിംഗ് നൽകി. പക്ഷേ ഇത് ലഭിക്കാത്തവരും ധാരാളം. സ്കൂളുകൾ തുറക്കാത്തതും അദ്ധ്യാപകരും കൂട്ടുകാരു ഇല്ലാതായതുമെല്ലാം കുട്ടികളെ ബാധിച്ചിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങളും കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നുണ്ട്.
കുട്ടികളിലെ മാറ്റങ്ങൾ ആദ്യം തിരിച്ചറിയുന്നത് അദ്ധ്യാപകരായിരിക്കും. ഇത്തരത്തിൽ സ്കൂൾ അധികൃതരുടെ പരാതിയിൽ ചൈൽഡ് ലൈനിലെത്തിയ കേസുകൾ നിരവധിയാണ്. വർഷം കഴിയുന്തോറും വിദ്യാർത്ഥികളിലെ മാനസിക സമ്മർദ്ദം വർദ്ധിക്കുകയാണെന്ന് പഠനങ്ങൾ പറയുന്നു. ഇതൊഴിവാക്കാൻ കൗൺസലിംഗിനപ്പുറം ശക്തമായ ഇടപെടലുകൾ വിദ്യാഭ്യാസ മേഖലയിലുണ്ടാവണം.
ഇനി വേണ്ടത്
കുട്ടികളിലെ പ്രശ്നം തിരിച്ചറിയുക
രക്ഷിതാക്കൾ കൂട്ടുകാർ കൂടിയാവുക, കുട്ടികളിലെ മാറ്റങ്ങൾ അറിയുക
അദ്ധ്യാപകർ കുട്ടികളിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക
സാമ്പത്തികം, സൗന്ദര്യം, അസുഖങ്ങൾ, പഠനമികവ് തുടങ്ങിയ അപകർഷതാബോധം ഒഴിവാക്കി ആത്മവിശ്വാസം നൽകുക
കുറ്റപ്പെടുത്തലിന് പകരം കൂടെയുണ്ടാകുമെന്ന് വിശ്വാസിപ്പിക്കുക
ആവശ്യമുള്ളവർക്ക് കൗൺസലിംഗ് നൽകുക
'ചിരി പദ്ധതിയിലൂടെ ഒരു മാസകാലയളവിൽ ഏകദേശം 1400 കുട്ടികൾക്ക് കൗൺസലിംഗ് നൽകിയിട്ടുണ്ട്".
- ഐ.ജി പി. വിജയൻ, ചിരി നോഡൽ ഓഫീസർ
'കൊവിഡ് പശ്ചാത്തലത്തിൽ സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിലുള്ള കൗൺസലിംഗ് ശക്തമാക്കും. ആവശ്യമെങ്കിൽ വോളന്റിയർമാർ കുട്ടികൾക്ക് വീട്ടിലെത്തി കൗൺസലിംഗ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കും. അട്ടപ്പാടി പോലുള്ള സ്ഥലങ്ങളിൽ ഇത്തരത്തിൽ കൗൺസലിംഗ് നൽകുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ കുട്ടികളുടെ ഏത് പ്രശ്നങ്ങളിലും പരിഹാരം കാണാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലുണ്ടാകും".
- മന്ത്രി സി. രവീന്ദ്രനാഥ്