ആറ്റിങ്ങൽ: ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വൈദ്യുത ലൈനുകൾക്ക് കേടുപാട് സംഭവിച്ചു. മണിക്കൂറുകളോളം പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു.
ചെമ്പൂര് 4, കുറുമക്കാവിൽ 4, ആറ്റിങ്ങൽ കോടതി വളപ്പിൽ 3, ഡയറ്റ് സ്കൂളിൽ 2, തോട്ടവാരത്ത് 2 , തൊപ്പിചന്ത, ചാത്തമ്പറ, രാമച്ചംവിള എന്നിവിടങ്ങളിൽ ഓരോന്നുവീതവുമാണ് മരങ്ങൾ കടപുഴകിയത്. ആറ്റിങ്ങൽ ഫയർ ഫോഴ്സിന്റെ അശ്രാന്ത പരിശ്രമത്തിലാണ് മരങ്ങൾ മുറിച്ചു നീക്കിയത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ദുരന്ത നിവാരണത്തിന് രംഗത്തുണ്ടായിരുന്നു.
അവനവഞ്ചേരി ഇലക്ട്രിസിറ്റി ഓഫീസിനു കീഴിൽ അയിലം, പരുത്തൂർ, കാട്ടുചന്ത, ലക്ഷ്മി വിള, കോടാലിക്കോണം, തേമ്പ്രക്കോണം തുടങ്ങി 40 ഇടങ്ങളിൽ വൈദ്യുത ലൈനുകൾക്കും പോസ്റ്റുകൾക്കും കേടു സംഭവിച്ചു. 11 കെ.വി പോസ്റ്റുകൾ 4 എണ്ണവും എൽ.ടി. പോസ്റ്റ് പന്തെണ്ണവും ഒടിഞ്ഞു.