real-estate-regulatory-au

തിരുവനന്തപുരം : റിയൽ എസ്റ്റേറ്റ് മേഖലയിലെ കൈയേറ്റങ്ങളും തട്ടിപ്പുകളും തടയാൻ കേന്ദ്ര നിയമപ്രകാരം ജനുവരിയിൽ രൂപീകരിച്ച കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി, ഏഴ് മാസം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പുന്നു. ചെയർമാനും രണ്ടംഗങ്ങളും വേണ്ടിടത്ത് ഒരംഗത്തിന്റെ അഭാവമാണ് പ്രവർത്തനം അവതാളത്തിലാക്കിയത്.

കേന്ദ്ര വ്യവസ്ഥകൾ പാലിക്കാത്തതിനാൽ അതോറിട്ടി തീരുമാനങ്ങൾക്ക് നിയമസാധുതയില്ല. കോട്ടയത്തെ കെട്ടിട നിർമ്മാതാവിന് അതോറിറ്റി പിഴ ചുമത്തിയത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

രണ്ടു വർഷം:

മൂന്ന് സമിതി

ഹൈക്കോടതി ജഡ്‌ജി അദ്ധ്യക്ഷനും നിയമ, ഹൗസിംഗ് സെക്രട്ടറിമാ‌ർ അംഗങ്ങളുമായ സമിതിയാണ് അതോറിട്ടി അംഗങ്ങളെ കണ്ടെത്തേണ്ടത്. ആദ്യ സമിതിയുടെ ശുപാർശ പ്രകാരം 2019 ഒക്ടോബറിൽ മുൻ അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനെ ചെയർമാനായും അഭിഭാഷക പ്രീത പി.നായർ, പി.ഡബ്ലിയു.ഡി മുൻ ചീഫ് എൻജിനിയർ മാത്യു സി.ഫ്രാൻസിസ് എന്നിവരെ അംഗങ്ങളായും സർക്കാർ നിയമിച്ചു. മാത്യു ഫ്രാൻസിസ് തനിക്ക് യോഗ്യതയില്ലെന്നു പറഞ്ഞ് സ്വയം പിൻമാറി. പകരം അംഗത്തെ കണ്ടെത്താൻ നിയോഗിച്ച സമിതി അപേക്ഷ ക്ഷണിച്ചെങ്കിലും തുടർ നടപടിയായില്ല. സമിതി അദ്ധ്യക്ഷനായ ജ‌ഡ്ജി മേയിൽ വിരമിച്ചതോടെ, സമിതിയുടെ കാലാവധിയും അവസാനിച്ചു. ജൂലായിൽ മൂന്നാമത്തെ സമിതി രൂപീകരിച്ചിട്ടും അതോറിട്ടിയിലേക്ക് ഒരംഗത്തെ കൂടി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

സെർച്ച്കമ്മിറ്റി

ഒഴിവാക്കി

യോഗ്യതയനുസരിച്ച് അപേക്ഷകരുടെ പട്ടിക തയ്യാറാക്കാൻ സെർച്ച്കമ്മിറ്റി വേണമെന്ന് ആക്ടിലുണ്ട്. സംസ്ഥാനത്ത് അത്‌ വേണ്ടെന്ന നിലപാടും പ്രശ്നം സൃഷ്ടിച്ചു.

അപ്പലേറ്റ് ട്രൈബ്യൂണലിലും

വേണം രണ്ടംഗങ്ങൾ

അതോറിട്ടിയുടെ നടപടികളിൽ അപ്പീൽ നൽകാനുള്ള അപ്പലേറ്റ് ട്രൈബ്യൂണലും കാര്യക്ഷമമല്ല. ഹൈക്കോടതി മുൻ ജഡ്ജി പി.ഉബൈദിനെ ചെയർമാനായി നിയോഗിച്ചെങ്കിലും രണ്ട് അംഗങ്ങളെ കൂടി നിയമിക്കേണ്ടതുണ്ട്.