ആറ്റിങ്ങൽ: ദേവസ്വം ബോർഡിന്റെ കിഴിലുള്ള തിരുവാറാട്ട്കാവ് ക്ഷേത്രത്തിൽ 11ന് ദേശീയപാത പ്രോജക്ട് വിഭാഗം സന്ദർശിക്കും. ദേശീയ പാത സ്ഥലമെടുപ്പിന്റെ ഭാഗമായി ദേവസ്വം ബോർഡ് നൽകി ഹർജി പരിഗണിച്ച് ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പരിശോധന.
ക്ഷേത്രത്തിലെ ശീവേലിപാത, പാട്ടുപുര, ആനക്കൊട്ടിൽ എന്നിവ ദേശിയപാത വികസന സ്ഥലമെടുപ്പിൽ നിന്നും ഒഴുവാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. തിരുവിതാംകൂറിന്റെ പരദേവതാ സ്ഥാനമായ തിരുവാറാട്ട്കാവിലെ പ്രധാനപ്പെട ഭാഗങ്ങൾ സംരക്ഷിക്കണമെന്ന് സംസ്ഥാന ദേവസ്വം മന്ത്റി, എം.എൽ.എ., നഗരസഭ, നാട്ടുകാരുടെ സംരക്ഷണസമിതി തുടങ്ങി നിരവധിപേർ ആവശ്യപ്പെട്ടിരുന്നു
11ന് രാവിലെ 11 ന് സ്ഥല പരിശോധനയ്ക്കായി എത്തുമെന്ന് ദേശീയപാത പ്രോജക്ട് വിഭാഗം ബി. സത്യൻ എം.എൽ.എയെ അറിയിച്ചു.
അലൈമെന്റിൽ ചെറിയ വ്യത്യാസം പരിഹരിക്കാൻ കഴിയുമെന്നും പകരം സ്ഥലം സമീപത്തുണ്ടെന്നുമാണ് ദേവസ്വം ബോർഡ് അറിയിച്ചിട്ടുള്ളത്.
ദേശീയപാത സ്ഥലമെടുപ്പ് – നിയമം – എൻ.എച്ച്.എ.ഐ 3 ഡി വിജ്ഞാപനം ഇറക്കണമെങ്കിൽ ആറ്റിങ്ങൽ വില്ലേജിലെ ഈ പ്രശ്നം കൂടി പരിഹരിക്കണം. 8 വില്ലേജുകളിൽ 7 വില്ലേജുകളിലും 3ഡി വിജ്ഞാപനത്തിനായി ഡാറ്റ എൻട്രി ചെയ്തു കഴിഞതായി സ്‌പെഷ്യൽ തഹസിൽദാർ അറിയിച്ചു. ഇതുകൂടി പരിഹരിച്ചാൽ മാമം മുതൽ കടമ്പാട്ട്‌കോണം വരെയുള്ള 17 കി.മി റോഡ് സ്ഥലമെടുപ്പ് അന്തിമ വിജഞാപനം ഇറക്കാൻ കഴിയും.