വർക്കല:വർക്കല - ചിറയിൻകീഴ് താലൂക്കിലെ വെറ്റില കർഷകരുടെ ജീവിതം പ്രതിസന്ധിയിൽ. വിപണിയിൽ വെറ്റിലയ്ക്ക് വൻ വിലത്തകർച്ച നേരിടുന്നതാണ് ഇവർക്ക് തിരിച്ചടിയായത്. താലൂക്കിലെ ഭൂരിഭാഗം ചന്തകളും കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ച് പൂട്ടിയതും ഇക്കൂട്ടരുടെ ജീവിതതാളം താറുമാറായി.താലൂക്കിലെ തീരദേശ മേഖലയുമായി ബന്ധപ്പെട്ട് അടച്ചിടൽ പ്രക്രിയ ഏർപ്പെടുത്തിയതോടെ പൊതുമാർക്കറ്റുകളിലും കച്ചവടസ്ഥാപനങ്ങളിലും വെറ്റില വിൽക്കാൻ കഴിയാതെ വന്നതിന് പിന്നാലെയാണ് വിലകുത്തനെ ഇടിഞ്ഞത്.
ആഴ്ചയിൽ ഒരിക്കലാണ് വെറ്റിലയുടെ വിളവെടുപ്പ്. ആഴ്ചതോറും വരുമാനം ലഭിക്കുന്ന കൃഷിയായതിനാൽ ധാരാളം പേർ ഇതിലൂടെ ഉപജീവനമാർഗം കണ്ടെത്തുന്നുണ്ട്. വിദേശത്ത് നിന്നും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ എത്തിയ നിരവധിപേരും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. നല്ല പരിചരണം നൽകിയാൽ വെറ്റിലക്കൃഷിയിൽ നിന്നും ആദായം ഉണ്ടാക്കാൻ കഴിയുമെന്നാണ് കർഷകർ പറയുന്നത്.
ആയുർവേദ മരുന്ന് ഉദ്പാദനത്തിന് ഉൾപ്പെടെ ഉപയോഗിക്കുന്നതാണ് വെറ്റില. മറ്റ് കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ വിപണി വിലയിൽ സ്ഥിരതയോ തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും സർക്കാരിന്റെ കാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തയുളള ഒരു സാമ്പത്തിക സഹായവും കിട്ടുന്നില്ലെന്നും വെറ്റില കർഷകർ പറയുന്നു.