കാട്ടാക്കട:കാട്ടാക്കട പ്രദേശത്ത് വിൽപ്പനയ്ക്കെത്തിച്ച പഴകിയ മത്സ്യം പൊലീസ് പിടിച്ചെടുത്തു.കിള്ളി, കാപ്പിക്കാട് എന്നിവിടങ്ങളിലാണ് നാല് വാഹനങ്ങളിൽ നിന്ന് കാട്ടാക്കട പൊലീസ് ഇൻസ്പെക്ടർ ഡി.ബിജുകുമാറിന്റെ നേതൃത്വത്തിൽ മത്സ്യം പിടികൂടിയത്. 200 കിലോയോളം പഴകിയ മത്സ്യമുണ്ടായിരുന്നു . ബുധനാഴ്ച പുലർച്ചെ ആണ് മത്സ്യം പിടിച്ചെടുത്തത്. ആരോഗ്യ വകുപ്പ് ,ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ ചേർന്ന് പഴകിയ മത്സ്യം നശിപ്പിച്ചു. ഇരുപതു മുതൽ ഇരുപത്തി അഞ്ചു കിലോ ഉൾക്കൊള്ളുന്ന പെട്ടികളിൽ നിറച്ച നിലയിലാണ് മീൻ കണ്ടെത്തിയത്.പ്രദേശത്ത് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ കണ്ടെയ്നർ വാഹനങ്ങളിലും മറ്റുമാണ് മത്സ്യം എത്തിച്ചു ചില്ലറ വിൽപ്പനയ്ക്ക് നൽകുന്നത്. പെട്ടി ആട്ടോകളിൽ നിറച്ച് കണ്ടെയിൻമെന്റ് സോണുകളിൽ പോലും മത്സ്യ വിൽപ്പന ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.