കിളിമാനൂർ: കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സുവർണ ജൂബിലി മന്ദിരത്തിന്റെ പണി പൂർത്തിയാകുന്നു. 2013-14 സാമ്പത്തിക വർഷം ആരംഭിച്ച പണി കാലങ്ങളായി നീണ്ടു പോകുകയായിരുന്നു. പുതിയ കെട്ടിടം വരുന്നതോടെ വർഷങ്ങളായി അനുഭവിക്കുന്ന സ്ഥലപരിമിതിക്ക് പരിഹാരമാകും.കിളിമാനൂർ ബ്ലോക്കിലെ രണ്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ പ്രധാനപ്പെട്ടതാണ് കേശവപുരം ആശുപത്രി. ദിവസേന നൂറ് കണക്കിന് രോഗികൾ എത്തുന്ന ഇവിടെ ഒ.പിയിൽ ഡോക്ടറെ കാണാനും ഇൻജക്ഷൻ, ഡ്രസിംഗ് മുതലായവയ്ക്കും സ്ഥല സൗകര്യം ഇല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു.
നിലവിൽ കിടപ്പ് രോഗികൾക്കായി ഇരുനില കെട്ടിടം ഉണ്ടെങ്കിലും മറ്റ് വിഭാഗങ്ങൾക്ക് കെട്ടിടങ്ങൾ ഒന്നും ഇല്ലായിരുന്നു.
ആരോഗ്യ രംഗത്തെ സമസ്ത മേഖലകളിലും മികവ് പുലർത്തി സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് മാതൃകയാവുമ്പോഴും സ്ഥല പരിമിതി കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെന്റർ. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കെട്ടിട നിർമ്മാണം ആരംഭിക്കുകയായിരുന്നു.സെക്കൻഡറി പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തന്നെ മാതൃകയായ കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ " സഞ്ജീവനി " സെക്കൻഡറി പാലിയേറ്റീവ് യൂണിറ്റിനാണ് ഈ വർഷത്തെ "അരികെ " ജില്ലാതല സാന്ത്വന പരിചരണ പുരസ്കാരവും, മികച്ച നഴ്സിനുള്ള രണ്ടാം സ്ഥാനവും ലഭിച്ചിരിക്കുന്നത്.