തിരുവനന്തപുരം: സംസ്ഥാന ട്രഷറി ഡയറക്ടറേറ്റിന് ഇൻഫർമേഷൻ സെക്യൂരിറ്റി നയമില്ലെന്നും, സംസ്ഥാനത്തെ 232 ട്രഷറികളിൽ 106 ലും വാർഷിക പരിശോധന നടത്തുന്നില്ലെന്നും അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ വിമർശനം
നിലവിലെ നിയമമനുസരിച്ച് മൂന്നാം കക്ഷിയെക്കൊണ്ട് ഇക്കാര്യം പരിശോധിക്കണം. ട്രഷറിയിൽ നടപ്പാക്കുന്ന ഐ.എഫ്.എം.എസ് സമ്പ്രദായത്തിന്റെ വെളിച്ചത്തിൽ ഇതാവശ്യമാണെന്നാണ് നിരീക്ഷണം. തലസ്ഥാനത്തെ ട്രഷറിയിൽ കഴിഞ്ഞയാഴ്ച നടന്ന കോടികളുടെ തട്ടിപ്പിന്റെ വെളിച്ചത്തിൽ, എ.ജിയുടെ വിമർശനത്തിന് പ്രസക്തിയേറുന്നു.
. ജില്ലാ ട്രഷറി ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സർപ്രൈസ് കാഷ് വെരിഫിക്കേഷൻ 55 ട്രഷറികളിൽ നടത്തിയില്ല .നിരവധി ട്രഷറികളിൽ കൃത്യമായി വൗച്ചറുകളില്ലാത്തതിനാൽ സസ്പെൻസ് ഹെഡിൽ വലിയ തുക ഒൗട്ട്സ്റാറാൻഡിംഗായി കിടക്കുന്നു, പെൻഷൻ, ഫാമിലി പെൻഷൻ, മെഡിക്കൽ അലവൻസ് എന്നിവയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ 93.34 ലക്ഷം രൂപ അധികം നൽകി, പെൻഷൻകാരെ മസ്റ്ററിംഗ് നടത്തിയില്ല, കോഴിക്കോട്ട് മരിച്ചയാളുടെ പേരിലും ഒരു ലക്ഷത്തോളം രൂപ പെൻഷൻ നൽകി, സൂക്ഷിക്കാവുന്നതിലധികം പണം 124 ട്രഷറികളിൽ സൂക്ഷിച്ചു.ആവശ്യമില്ലാത്ത അക്കൗണ്ടുകൾ പൂട്ടണമെന്ന് സർക്കാർ 2011ൽ നിർദ്ദേശിച്ചിട്ടും നടന്നില്ല.ഈ അക്കൗണ്ടുകളിലെ പണം സർക്കാർ അക്കൗണ്ടിലേക്ക് മാറ്റണമെന്ന് നിർദ്ദേശിച്ചിട്ടും 21 ഡി.ഡി.ഒ മാർ പണം ട്രഷറികളിൽ എസ്. ബി അക്കൗണ്ടിലിട്ടു. 2. 23 കോടി രൂപയാണ് ഇങ്ങനെ വിവിധ ട്രഷറികളിൽ കിടക്കുന്നത്. ട്രഷറികളിലുള്ള പണത്തെ സംബന്ധിച്ച സർക്കാർ ഓഡിറ്റിലും റിസർവ് ബാങ്ക് കണക്കിലും 4.98 കോടിയുടെ വ്യത്യാസമുള്ളതായും എ.ജി കണ്ടെത്തി.
ക്രൈംബ്രാഞ്ചിന്റെ റിമാൻഡ് റിപ്പോർട്ട്:
ബിജുലാൽ ട്രഷറിയിലെ 2.74 കോടി തട്ടി
# ഭാര്യയെയും സഹോദരിയെയും ഇന്ന് ചോദ്യംചെയ്യും
തിരുവനന്തപുരം: സീനിയർ അക്കൗണ്ടന്റായിരുന്ന
ബിജുലാൽ ട്രഷറിയിൽനിന്ന് 2.74 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ റിമാൻഡ് റിപ്പോർട്ട്. സബ് ട്രഷറി ഓഫീസർ വിരമിക്കുന്നതിന് മുൻപും അദ്ദേഹത്തിന്റെ പാസ്വേഡ് ഉപയോഗിച്ച് ബിജുലാൽ തട്ടിപ്പ് നടത്തിയിരുന്നുവെന്നാണ് നിഗമനം. അതിനാൽ,
മറ്റ് ജീവനക്കാർക്ക് പങ്കുണ്ടോയെന്നതടക്കം വിശദമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ബിജുലാലിന്റെ ഭാര്യ സിമിയെയും സഹോദരിയെയും ഇന്ന് ചോദ്യംചെയ്യും.ഇവരുടെ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയതായി പ്രതി വെളിപ്പെടുത്തിയിരുന്നു.
കോട്ടയത്തും കോഴിക്കോടും ഉൾപ്പെടെ എത്തിച്ച് തെളിവെടുക്കേണ്ടതിനാൽ പ്രതിയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഉടൻ അപേക്ഷ നൽകും.
സബ് ട്രഷറി ഓഫീസറായി വിരമിച്ച ഭാസ്കരന്റെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ചാണ് പണം തട്ടിയത്. തുകയുടെ നല്ലൊരു പങ്കും റമ്മി കളിക്കാൻ ഉയോഗിച്ചെന്ന മൊഴി അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. റമ്മി സർക്കിൾ എന്ന സൈറ്റിലടക്കം കളിച്ചെന്നായിരുന്നു മൊഴി. പരമാവധി 25 ലക്ഷം രൂപ വരെ ഇങ്ങനെ ഉപയോഗിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. റമ്മി സൈറ്റുകളിലെ ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്രഷറിതട്ടിപ്പ് :
അന്വേഷണ റിപ്പോർട്ട്
ഇന്ന് നൽകിയേക്കും
തിരുവനന്തപുരം : വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ട് കോടിയിലധികം രൂപ വെട്ടിച്ചകേസിൽ വകുപ്പ്തല അന്വേഷണം നടത്തുന്ന ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മന്ത്രി തോമസ് ഐസക്കിന് ഇന്ന് റിപ്പോർട്ട് നൽകിയേക്കും. .
ട്രഷറിയിലെ സോഫ്റ്റ് വെയറിലെ അപാകതകൾ പരിഹരിക്കാനുള്ള ശുപാർശകളും നൽകിയേക്കും. . നിലവിലുള്ള പാസ്വേഡിന് പുറമേ ബയോമെട്രിക് ലോക്കിംഗ് സമ്പ്രദായം വേണമെന്നും ആവശ്യപ്പെട്ടേക്കും. ട്രഷറി ഡയറക്ടർ എ.എൻ. ജാഫർ, ജോയിന്റ് ഡയറക്ടർ സാജൻ, ചീഫ് കോ -ഓർഡിനേറർ, സ്റ്റേറ്റ്
കോ -ഓർഡിനേറ്രർ എന്നിവരെസംഘം ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് വിളിപ്പിച്ച് തെളിവെടുത്തു . ധനസെക്രട്ടറിയെ കൂടാതെ അഡി. സെക്രട്ടറി , സ്പാർക്കിന്റെയും എൻ.ഐ.സിയുടെ പ്രതിനിധികൾ എന്നിവരും സംഘത്തിലുണ്ട്.
ബ്ലോക്ക് ചെയ്ത അക്കൗണ്ടിൽ
നിന്ന് പണം പിൻവലിച്ചു
വഞ്ചിയൂർ ട്രഷറിയിലെ തട്ടിപ്പ്അറിഞ്ഞയുടൻ, ജൂലായ് 30ന് പ്രതി ബിജുലാലിന്റെ രണ്ട് ട്രഷറി സേവിംഗ്സ് അക്കൗണ്ടുകളും ഭാര്യയുടെ അക്കൗണ്ടും ബ്ലോക്ക് ചെയ്തിട്ടും, ബിജുലാൽ 31 ന് തന്റെ അക്കൗണ്ടിൽ നിന്ന് 65000 രൂപ പിൻവലിച്ചതായി കണ്ടെത്തി. സോഫ്റ്റ് വെയറിലെ തകരാറാണ് ഇത് സാദ്ധ്യമാക്കിയതെന്നാണ് അനുമാനം ..
ബിജുലാൽ തട്ടിപ്പ് ഏഴ് മാസം മുമ്പേ
തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിലെ പ്രതി സീനിയർ അക്കൗണ്ടന്റ് ബിജുലാൽ ഡിസംബർ 23 ന് തട്ടിപ്പ് തുടങ്ങിയതായി അധികൃതർ അറിയിച്ചു. തന്റെ ട്രഷറി അക്കൗണ്ടിൽ നിന്ന് മൈനസ് ബാലൻസിൽ തന്റെ തന്നെ അക്കൗണ്ടിലേക്ക് പണമയച്ചും പിന്നീട് ഭാര്യയുടെ അക്കൗണ്ടിലേക്കയച്ചുമാണ് തട്ടിപ്പ് നടത്തിയത്. ഡിസംബർ 23 മുതൽ മെയ് 18വരെ 73.99 ലക്ഷം രൂപ ഇയാൾ വെട്ടിച്ചതായി അധികൃതർ പറഞ്ഞു. 50 ഓളം ഇടപാടുകളിലായാണ് ഇത്. ജൂലായ് 27നാണ് കളക്ടറുടെ അക്കൗണ്ടിൽ നിന്ന് രണ്ട് കോടി തട്ടിയെടുത്തത്.