വിതുര: പൂട്ടിക്കിടക്കുന്ന ബോണക്കാട് മഹാവീർ പ്ലാന്റേഷൻ ഫാക്‌ടറിയിലെ ലക്ഷക്കണക്കിന് രൂപ വിലയുള്ള യന്ത്ര ഉപകരണങ്ങൾ രാത്രിയിൽ കടത്താൻ ശ്രമിച്ച പ്രതികളായ സി.പി.എം പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ആനപ്പാറ, വിതുര മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെട്ടു. പ്രതികളെ തൊണ്ടി മുതലും വാഹനത്തോടും കൂടി ഫോറസ്റ്റ് അതിർത്തിയിൽ വച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൂടി സാന്നിദ്ധ്യത്തിൽ പൊലീസ് പിടിച്ചിട്ടും വിട്ടയച്ചത് സി.പി.എം ഉന്നത ഇടപെടലുകളാണെന്നും കോൺഗ്രസ് ആരോപിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വിതുര ജഴ്‌സിഫാമിലെ താത്കാലിക ഡ്രൈവറായ പ്രതികളിലൊരാൾ അവിടത്തെ വാഹനം പോലും മോഷണത്തിന് ഉപയോഗിച്ചതായി സംശയമുണ്ട്. എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും കാലങ്ങളായി ബോണക്കാട് നടക്കുന്ന മോഷണങ്ങളെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എസ്.ജയപ്രകാശൻ നായർ, ജി.ഡി. ഷിബുരാജ് എന്നിവർ ആവശ്യപ്പെട്ടു.