തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന്റെ മുന്നോടിയായി, ഇവരുടെ സ്വത്ത് മരവിപ്പിക്കാൻ സംസ്ഥാന രജിസ്ട്രേഷൻ വകുപ്പ് നടപടികൾ തുടങ്ങി. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിർദ്ദേശമനുസരിച്ചാണിത്.
കേസിൽ ഉൾപ്പെട്ട സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത്, ഫൈസൽ ഫാരിദ് എന്നിവർക്ക് സ്വന്തം പേരിലോ, ബിനാമി പേരുകളിലോ ഉള്ള സ്വത്തുകളുടെ വിവരം ഇന്നലെ വൈകിട്ട് 5 മണിക്കുള്ളിൽ ശേഖരിക്കാൻ സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർമാർക്കും രജിസ്‌ട്രേഷൻ ഐ.ജി നിർദ്ദേശം നൽകിയിരുന്നു. ഇവരുടെ പേരിൽ നടന്ന ഭൂമി കൈമാറ്റങ്ങളുടെ പകർപ്പുകൾ ശേഖരിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് ഇന്ന് മറുപടി നൽകിയേക്കും.
ഇവർക്ക് ഭൂമിയിൽ അവകാശമുണ്ടോയെന്നും വില്ലേജ് ഓഫീസർമാർ മുഖേന കണ്ടെത്തും. പോക്കുവരവ് മരവിപ്പിക്കൽ, ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടൽ, ലേലം ചെയ്യൽ തുടങ്ങിയ നടപടികൾ കോടതി നിർദ്ദേശപ്രകാരം പിന്നീട് ചെയ്യുമെന്ന് രജിസ്‌ട്രേഷൻ അധികൃതർ പറഞ്ഞു.
സ്വപ്നയ്ക്ക് നഗര മദ്ധ്യത്തിൽ കൂറ്റൻ ഫ്ളാറ്റ് സമുച്ചയമുണ്ടെന്നാണ് സൂചന. സന്ദീപിന് കേരളത്തിൽ പതിനൊന്ന് സ്ഥാപനങ്ങളുണ്ട്. പത്തനംതിട്ടയിലെ വൻ കാർ വ്യാപാര സ്ഥാപനം ജൂലായ് 11ന് മന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്നതാണ്. ഏറെക്കാലം ജോലി ചെയ്ത എയർ ഇന്ത്യ സാറ്റ്സിൽ ഇരുപതിനായിരം രൂപയ്ക്കടുത്തായിരുന്നു സ്വപ്നയുടെ ശമ്പളം. കോൺസുലേറ്റിലും സ്‌പേസ് പാർക്കിലും ഒരു ലക്ഷത്തിലേറെ ശമ്പളമുണ്ടായിരുന്നെങ്കിലും ഇവിടെ ജോലി ലഭിച്ചിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ. വരവിൽ കവിഞ്ഞ് ഇരുപത് ശതമാനത്തിലേറെ സ്വത്തുണ്ടെങ്കിൽ ഇ.ഡിക്ക് പരിശോധന നടത്താം.