photo1

വിതുര: മലയോര മേഖലയിൽ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. വിതുര, തൊളിക്കോട്, ആര്യനാട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലാണ് വലിയ നാശനഷ്ടമുണ്ടായത്. പേമാരിക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ വൻമരങ്ങൾ വരെ കടപുഴകി. നിരവധി വീടുകൾക്ക് മുകളിൽ മരം വീണു. വിതുരയിൽ നിന്നും നെടുമങ്ങാട്, ബോണക്കാട്, പൊന്മുടി, പേപ്പാറ ഭാഗങ്ങളിലേക്ക് പോകുന്ന റോഡുകളിൽ വിവിധ സ്ഥലങ്ങളിലായി മരങ്ങൾ ഒടിഞ്ഞും, കടപുഴകിയും മണിക്കൂറുകളോളം ഗതാഗത സ്തംഭനവുമുണ്ടായി. ഫയർഫോഴ്സ് യൂണിറ്റുകൾ ഏറെ പണിപ്പെട്ടാണ് മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. റബർ എസ്റ്റേറ്റുകളിലും, വിളകളിലുമായി നൂറുകണക്കിന് മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണു. മരങ്ങൾ വീണ് വൈദ്യുതി ലൈനുകളും വ്യാപകമായി പൊട്ടിയതോടെ മണിക്കൂറുകളോളം വൈദ്യുതിവിതരണം നിലച്ചു. വനമേഖലയിൽ കനത്തമഴ പെയ്തതോടെ നദികളിലെ ജലനിരപ്പ് ഉയർന്നു. വാമനപുരം നദി നിറഞ്ഞൊഴുകുന്നതിനെ തുടർന്ന് തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശമുണ്ട്. പേപ്പാറ ഡാമിൽ ജലനിരപ്പ് ഉയർന്നു. കനത്തമഴ തുടർന്നാൽ ഷട്ടറുകൾ ഉയർത്തും. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. നിരവധി വീടുകളിൽ വെള്ളം കയറി. വാമനപുരം നദിയിൽ പൊന്നാംചുണ്ട്, ചെറ്റച്ചൽ മേഖലയിലെ പാലങ്ങൾ മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങി ഗതാഗതം തടസപ്പെട്ടു. ശക്തമായ കാറ്റിൽ നൂറ് കണക്കിന് വാഴകൾ ഒടിഞ്ഞു വീണു. ഓണവിപണി ലക്ഷ്യമിട്ടു കൃഷി ചെയ്തിരുന്ന പച്ചക്കറികളും നശിച്ചു.

തകർന്നത് നിരവധി വീടുകൾ

തൊളിക്കോട് പഞ്ചായത്തിലെ മലയടി, വെട്ടയിൽ, ചെരുപ്പാണി, പൊൻപാറ, കാരക്കാംതോട്, പുളിമൂട്, മീനാങ്കൽ മേഖലകളിൽ കാറ്റിൽ നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ വീണ് കേടുപാടുണ്ടായി. നാശനഷ്ടം സംഭവിച്ചവർ വില്ലേജ് ഓഫീസിലും, പഞ്ചായത്ത്‌ ഓഫീസിലും പരാതി നൽകി. നന്ദിയോട് പഞ്ചായത്തിലെ വട്ടപ്പൻകാട്, നാഗര, പാലുവള്ളി, പുലിയൂർ മേഖലകളിൽ മരംവീണ് ഗതാഗതതടസം ഉണ്ടായി. വ്യാപക കൃഷിനാശവും സംഭവിച്ചു. പെരിങ്ങമ്മല പഞ്ചായത്തിലെ ഇലഞ്ചിയം, ഞാറനീലി, മുല്ലച്ചൽ മങ്കയം നാലു സെന്റ് തുടങ്ങിയ സ്ഥലങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണ് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

മണിക്കൂറുകളോളം ഗതാഗത സ്തംഭനം

വൈദ്യുതി വിതരണം നിലച്ചു

കർഷകർക്ക് കനത്ത നഷ്ടം

പാലങ്ങൾ വെള്ളത്തിൽ മുങ്ങി

കൂടുതൽ നാശം തൊളിക്കോട് പഞ്ചായത്തിൽ

പ്രതികരണം

വിതുര, തൊളിക്കോട്, ആര്യനാട് പഞ്ചായത്തുകളിൽ വീട് തകർന്നവർക്കും, കൃഷി നാശം സംഭവിച്ചവർക്കും അടിയന്തര സഹായം നൽകണം.

കെ.എസ്. ശബരീനാഥൻ എം.എൽ.എ