photo

അരുവിക്കര: ചോർന്നൊലിക്കുന്ന മൈലം അങ്കണവാടി കെട്ടിടത്തിൽ നിന്ന് കുരുന്നുകളെ സുരക്ഷാ ഭീഷണി ഭയന്ന് സമീപത്തെ വാടക വീട്ടിലേക്ക് മാറ്റിയിട്ട് മൂന്ന് വർഷം. കാടുമൂടി ഇഴജന്തുക്കൾ താവളമാക്കിയ പഴയ കെട്ടിടം പൊളിച്ചു നീക്കി പുതിയത് പണിയാൻ ഇനിയും നടപടിയില്ല. അരനൂറ്റാണ്ട് മുമ്പ് ബാലവാടിയായി പ്രവർത്തനം ആരംഭിച്ച് തലമുറകളെ കൈപിടിച്ച് നയിച്ച അരുവിക്കര പഞ്ചായത്തിലെ മാതൃ അങ്കണവാടിയാണ് മൈലത്തിലുള്ളത്. സമീപകാലത്ത് അനുവദിച്ച പല അങ്കണവാടികൾക്കും ലക്ഷങ്ങൾ മുടക്കി ആധുനിക നിലവാരത്തിൽ മന്ദിരങ്ങൾ നിർമ്മിച്ചപ്പോഴും അധികൃതർ ഈ മാതൃസ്ഥാപനത്തെ കൈയൊഴിഞ്ഞു എന്നാണ് രക്ഷാകർത്താക്കളുടെ പരാതി. കെട്ടിടം പണിക്ക് അനുവദിച്ച തുക യഥാസമയം ചെലവഴിക്കാതെ ലാപ്സാക്കിയതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നും ആക്ഷേപമുണ്ട്. മൺചുമരുകളിൽ ഓട് പാകിയതായിരുന്നു പഴയ കെട്ടിടം.കാറ്റിൽ മേൽക്കൂര നശിക്കുന്നത് പതിവായതോടെ പത്ത് വർഷം മുമ്പ് ഓട് മാറ്റി കോൺക്രീറ്റ് ചെയ്തെങ്കിലും ചുമരുകളുടെ ബലക്ഷയമാണ് കെട്ടിടത്തെ തകർച്ചയുടെ വക്കിലെത്തിച്ചത്.ഐ.സി.ഡി.എസ് അധികൃതരുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് മൂന്ന് വർഷം മുമ്പ് അങ്കണവാടി പ്രവർത്തനം വാടക വീട്ടിലേക്ക് മാറ്റിയത്. നാല് സെന്റ് സ്ഥലവും ചുറ്റുമതിലും കെട്ടിടവും കാടുമൂടി പരിസരവാസികളുടെ പേടിസ്വപ്നമാണിപ്പോൾ. ഗ്രാമസഭകളിലും ജനകീയ കൂട്ടായ്മകളിലും രക്ഷിതാക്കൾ ഇക്കാര്യം ഉന്നയിക്കാറുണ്ടെങ്കിലും ആരും ചെവിക്കൊള്ളുന്നില്ല.

 കളിയുപകരണങ്ങളും നാശത്തിന്റെ വക്കിൽ

തൊട്ടടുത്ത വാർഡിലെ മുളയറ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാൻ 13 ലക്ഷം രൂപ വേൾഡ് ബാങ്ക് സഹായത്തോടെ ഗ്രാമപഞ്ചായത്ത് നീക്കിവച്ചിരുന്നു. സ്ഥലവാസികളിൽ ചിലരുടെ ചേരിപ്പോര് നിമിത്തം ഇവിടെ കെട്ടിടംപണി നടക്കില്ലെന്ന് ഉറപ്പാക്കിയ അധികൃതർ ഈ തുക മൈലം അങ്കണവാടിക്ക് കെട്ടിടം പണിയാൻ മാറ്റുകയായിരുന്നു. മുളയറയിൽ ടെൻഡർ ഉറപ്പിച്ച കരാറുകാരൻ ഇതിനെതിരെ രംഗത്ത് വന്നതാണ് മൈലം അങ്കണവാടിക്ക് തിരിച്ചടിയായത്. ചേരിപ്പോരിനിടെ 13 ലക്ഷം രൂപയാണ് ആർക്കും പ്രയോജനപ്പെടാതെ പോയത്. മൈലം മുതൽ ഗുരുമന്ദിരം വരെയും പാറക്കോണം ജംഗ്‌ഷൻ വരെയും താമസിക്കുന്ന അമ്പതോളം കുടുംബങ്ങളിലെ 25 കുട്ടികളുടെ ആശ്രയമാണ് മൈലം അങ്കണവാടി. കളിയുപകരണങ്ങൾ പലതും തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്. ജനകീയ കമ്മിറ്റിയിൽ നാട്ടുകാരുടെ സഹായത്തോടെ വാങ്ങിയ കളിയുപകരണങ്ങൾ ജീർണാവസ്ഥയിലായ പഴയ കെട്ടിടത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. വാർഡിൽ തന്നെയുള്ള ജി.വി. രാജ അങ്കണവാടിക്ക് 20 ലക്ഷം രൂപ മുടക്കി പുതിയ മന്ദിരം നിർമ്മിച്ചത് ഈയിടെയാണ്. അപ്പോഴും മൈലം അങ്കണവാടിയെ പരിഗണിച്ചില്ലെന്നാണ് പരാതി.


പ്രതികരണം


ഫണ്ടിന്റെ അപര്യാപ്തതയാണ് മൈലം അങ്കണവാടി കെട്ടിടം പണിയാൻ കഴിയാത്തതിന് കാരണം. മറ്റൊരു അങ്കണവാടിയുടെ ഫണ്ട് ഇതിനായി ചെലവഴിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തടസങ്ങൾ തിരിച്ചടിയായി. എം.പി,എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിക്കണമെന്ന് പലതവണ അപേക്ഷ സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.


ടി.ഇ.കുമാർ വാർഡ് മെമ്പർ

ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെ അലംഭാവമാണ് മൈലം അംഗൻവാടി കെട്ടിടത്തിന് ഫണ്ട് അനുവദിക്കാത്തതിന് പിന്നിൽ. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്. ഏതുനിമിഷവും നിലംപൊത്താവുന്ന പഴയ അംഗൻവാടി പൊളിച്ച് പുതിയത് നിർമ്മിക്കാൻ അടിയന്തര നടപടി വേണം


-ജെ. ശോഭനദാസ്

ബ്ലോക്ക് പഞ്ചായത്തംഗം