v

വെഞ്ഞാറമൂട്: വാമനപുരം, വെഞ്ഞാറമൂട് മേഖലകളിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപകമായ നാശനഷ്ടം. ശക്തമായ കാറ്റിനെ തുടർന്ന് നെല്ലനാട്, വാമനപുരം, മാണിക്കൽ, വെമ്പായം, പുല്ലമ്പാറ, കല്ലറ, പാങ്ങോട് പഞ്ചായത്തുകളിൽ നിരവധി വൃക്ഷങ്ങൾ കടപുഴകി. വെമ്പായം മഞ്ചാടിമൂട്, കന്യാകുളങ്ങര - പോത്തൻകോട് റോഡ് എന്നിവിടങ്ങളിൽ റോഡിലേക്ക് മരങ്ങൾ കടപുഴകി ഗതാഗതം തടസപ്പെട്ടു. കീഴായിക്കോണം, വലിയകട്ടക്കാൽ പ്രദേശങ്ങളിൽ മരം വീണ് വെെദ്യുതി വിതരണം തടസപ്പെട്ടു. വെഞ്ഞാറമൂട് മുക്കുന്നൂർ പി.വി. ഭവനിൽ പ്രവീണിന്റെ വീടിന് മുകളിലൂടെ കൂറ്റൻ ഫ്ലക്സ് വീണത് ഏറെ നേരെത്തെ പരിശ്രമത്തിന് ശേഷം വെഞ്ഞാറമൂട് ഫയർഫോഴ്സ് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റി.

നെല്ലനാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മരം കടപുഴകി വീണ് അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. വലിയ കട്ടക്കാൽ ഗണപതിവിളാകം വീട്ടിൽ ശരത്, വെട്ടുപാറ അശ്വതി ഭവനിൽ രവീന്ദ്രൻനായർ, കീഴായിക്കോണം വണ്ടിപ്പുര എസ്.എൽ.സദനത്തിൽ സഹദേവൻ, ആലിയാട് ചീനിവിളലിനി സദനത്തിൽ കുമാരി അമ്മ, ചിലന്തിയം കുന്നിൽകോമം വീട്ടിൽ സരള, പൊയ്കാവിൽ പുതുവൽ പുത്തൻവീട്ടിൽ ശ്രീധരൻ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്.

വെഞ്ഞാറമൂട് ഫയർ ആൻഡ് റസ്ക്യു സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീകുമാർ, എസ്. രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിൽ അരുൺ മോഹൻ, ബിജേഷ്, സതീഷ് കുമാർ, സുരേഷ്, ശരത് എന്നിവർ രക്ഷാ ദൗത്യങ്ങളിൽ പങ്കെടുത്തു.