air-india-

തിരുവനന്തപുരം: എയർഇന്ത്യാ സാറ്റ്സിൽ ജോലി ചെയ്യവെ, സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് വ്യാജ പീഡനപരാതിയിൽ കുടുക്കാൻ ശ്രമിച്ച എയർഇന്ത്യാ ഉദ്യോഗസ്ഥൻ എൽ.എസ്. സിബുവിനെ എയർഇന്ത്യ സസ്പെൻഡ് ചെയ്തു. എയർഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാദ്ധ്യമങ്ങളോട് സംസാരിച്ചതിനാണിത്. ഹൈദരാബാദിലാണ് സിബു ജോലി ചെയ്തിരുന്നത്.

സിബുവിനെതിരെ വ്യാജ പീഡന പരാതി നൽകുകയും പരാതിക്കാരിയെ ആൾമാറാട്ടം നടത്തി ഹാജരാക്കുകയും ചെയ്ത കേസിൽ രണ്ടാം പ്രതിയാണ് സ്വപ്‌ന. എയർഇന്ത്യ സാ​റ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബാണ് ഒന്നാം പ്രതി. ഇരുവർക്കുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകാനിരിക്കെയാണ് സിബുവിനെതിരായ നടപടി.

എയർഇന്ത്യാ സാ​റ്റ്സിൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളെ നിയമിച്ചത് സിബു എതിർത്തതോടെയാണ്, ആ വ്യക്തിക്കു കീഴിൽ ജോലി ചെയ്തിരുന്ന സ്വപ്നയെ ഉപയോഗിച്ച് സിബുവിനെ കുടുക്കാൻ ക്രിമിനൽ സംഘം പദ്ധതിയിട്ടത്. എയർഇന്ത്യ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് മാനേജരായിരുന്നു സിബു. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കരാർ കമ്പനിയായ എയർഇന്ത്യാ സാറ്റ്സിൽ എച്ച്.ആർ വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു സ്വപ്ന. 2015 ജനുവരിയിൽ എയർഇന്ത്യ സാ​റ്റ്സിലെ 17 വനിതാ ജീവനക്കാരുടെ പേരിൽ സിബുവിനെതിരെ വ്യാജ പീഡന പരാതി തിരുവനന്തപുരം വിമാനത്താവള ഡയറക്ടർക്ക് ലഭിച്ചു. 2015 മാർച്ചിൽ സിബുവിനെ ഹൈദരാബാദിലേക്കു മാ​റ്റി. വനിതാ ജീവനക്കാരുടെ പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി തന്റെ വാദങ്ങൾ പരിഗണിക്കാതെ കു​റ്റക്കാരനായി കണ്ടെത്തിയതിനെതിരെ സിബു ക്രൈംബ്രാഞ്ചിനു പരാതി നൽകി.

സ്വപ്നയാണ് പാർവതി സാബുവെന്ന പേരിൽ നീതു മോഹനെന്ന പെൺകുട്ടിയെ സമിതിക്കു മുന്നിൽ ഹാജരാക്കി തെ​റ്റായ മൊഴി കൊടുത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 17 പരാതിക്കാരിൽ 15പേരും സംഭവത്തെക്കുറിച്ചറിഞ്ഞിരുന്നില്ല. ഉദ്യോഗസ്ഥനെതിരെ എയർ ഇന്ത്യയ്ക്ക് എഴുതി നൽകിയ പീഡന പരാതിയിലെ കൈയക്ഷരത്തിൽ വ്യക്തത വരുത്താൻ സ്വപ്നയിൽ നിന്ന് ക്രൈംബ്രാഞ്ച് കത്ത് എഴുതി വാങ്ങിയപ്പോൾ കൈയക്ഷരം ഒന്നാണെന്ന് തെളിഞ്ഞു.

എയർഇന്ത്യാ സാറ്റ്സിൽ ജോലിചെയ്യവേ, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന തന്നെക്കൊണ്ട് വൈസ് പ്രസിഡന്റും മറ്റു ചിലരും തെ​റ്റായ പല കാര്യങ്ങളും ചെയ്യിച്ചതായി സ്വപ്ന ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. എയർഇന്ത്യയിലെ മറ്റ് ചിലർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന സിബുവിന്റെ ആരോപണമാണ് സസ്പെൻഷനിലേക്ക് നയിച്ചത്.