നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ നാലംഗ സംഘം ആശുപത്രി ജീവനക്കാരനെ മർദ്ദിച്ചു കടന്നുകളഞ്ഞതായി പരാതി. മാസ്ക് ധരിക്കാതെയും കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെയും അതിക്രമിച്ചു കയറിയതു വിലക്കിയ സെക്യൂരിറ്റി വിജുകുമാറിനാണു മർദനമേറ്റത്. കഴിഞ്ഞദിവസം രാത്രി പത്തിനായിരുന്നു സംഭവം. മദ്യലഹരിയിൽ അടിപിടിയുണ്ടാക്കിയ സംഘമാണ് ആശുപത്രിയിൽ എത്തിയതെന്നും ആക്സിഡന്റ് പറ്റിയതാണെന്ന് ഡ്യുട്ടി ഡോക്ടറെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും ജീവനക്കാർ പറഞ്ഞു. സംഘം സഞ്ചരിച്ച ആട്ടോറിക്ഷയുടെ നമ്പറും ഒ. പി ടിക്കറ്റിനായി നൽകിയ വിവരങ്ങളും ശേഖരിച്ച് നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.