covid-19

മുടപുരം/ പാറശാല:അഞ്ചുതെങ്ങിലും പാറശാലയിലും കൊവിഡ് രോഗികളുടെ എണ്ണം അനുദിനം കൂടുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. സമ്പർക്ക വ്യാപനത്തിന്റെ സാദ്ധ്യതയാണ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിലൂടെ വ്യക്തമാകുന്നത്. അഞ്ചുതെങ്ങിലെ ആറ് കേന്ദ്രങ്ങളിൽ ഇന്നലെ നടത്തിയ കൊവിഡ് പരിശോധനയിൽ 106 പേർക്കും അതിർത്തി മേഖലകൾ പങ്കിടുന്ന പാറശാല ഗ്രാമ പഞ്ചായത്തിൽ ഇന്നലെ 20 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുതെങ്ങിൽ ഇന്നലെ 440 പേരെ പരിശോധിച്ചതിലാണ് 108പേർക്ക് രോഗം സ്ഥിരീകരിച്ചത്.ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ ഇന്നലെ 56 പേരെ പരിശോധിച്ചതിൽ അഞ്ചുതെങ്ങിലുള്ള രണ്ടു പേർക്ക് കൂടി രോഗം കണ്ടെത്തി. ഇന്നലെ 57 പേർ രോഗമുക്തരായി. അഞ്ചുതെങ്ങിലുള്ള 20 പേരും,കടയ്ക്കാവൂരിലെ 3 പേരും ചിറയിൻകീഴിലെ 34 പേരുമാണ് രോഗമുക്തരായത്. വക്കം കാെവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് 36 പേരും അകത്തുമുറി എസ്.ആർ മെഡിക്കൽ കോളേജിൽ നിന്ന് 21 പേരുമാണ് രോഗമുക്തരായത്.

പാറശാല ഗ്രാമ പഞ്ചായത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചതടക്കം 300 ലധികം പേർക്കാണ് ഇതുവരെ ഇവിടെ കൊവിഡ് ബാധിച്ചത്. രോഗ ബാധിതരുടെ എണ്ണം ദിനംപ്രതി ഏറി വരുന്നത് നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ 23 വാർഡുകളെയും കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെടുത്തി മൂന്ന് ആഴ്ച പിന്നിടുമ്പോഴും ദിനംപ്രതി രോഗികളുടെ എണ്ണം കുറയുന്നില്ല. ഇതുവരെ 136 പേർക്ക് രോഗം മാറിയിട്ടുണ്ട്.അ തിർത്തിക്കപ്പുറത്ത് തമിഴ്‌നാടിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന അയ്ങ്കാമം വാർഡിലാണ് നേരത്തേ 31 പേർക്ക് രോഗ ബാധ ഉണ്ടായത്. എങ്കിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പുതിയ കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.നെടുവാൻവിള വാർഡിൽ 40 രോഗികളാണുള്ളത്. നടുത്തോട്ടംവാർഡിൽ 17,മേക്കൊല്ല -18,ആടുമാൻകാട് -17, പാറശാല ടൗൺ -11, മുള്ളുവിള -12, പൊന്നംകുളം -, നെടിയാംകോട് -10, കരുമാനൂർ -7,മുരിയങ്കര -, കൊടവിളാകം -4,പെരുവിള-, പുല്ലൂർകോണം-3,പവതിയാൻവിള- 5,പരശുവയ്ക്കൽ -7, ഇടിച്ചക്കപ്ലാമൂട് -2 ,മുറിയത്തോട്ടം -20, കീഴത്തോട്ടം -20,വന്യക്കോട്-10,ഇഞ്ചിവിള-10, ചെറുവാരക്കോണം -8 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം .ദിവസം 10 മുതൽ 15 വരെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.