തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സി ആപ്‌റ്റിൽ ഉദ്യോഗസ്ഥർ വ്യാജരേഖ ചമച്ച് 42ലക്ഷം രൂപ തട്ടിയെന്നു ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തിയെങ്കിലും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ സർക്കാർ. ചെയ്യാത്ത യാത്രക്ക് ബത്തയായി എഴുതിയെടുത്ത 12ലക്ഷം രൂപയടക്കം തിരിച്ചുപിടിക്കണമെന്നായിരുന്നു നിർദേശം. സി ആപ്‌റ്റിൽ അച്ചടിക്കുന്ന ലോട്ടറി ടിക്കറ്റുകൾ ജില്ലകളിൽ വിൽക്കുന്നതിന്റെ പേരിൽ 24 ജീവനക്കാർ ചേർന്നു വ്യാജരേഖ ചമച്ച് 41,92,026 രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തിയത്. 2011മുതൽ 2017 വരെയുള്ള ഇടപാടുകളിലാണ് കള്ളത്തരം കണ്ടെത്തിയത്.
വിതരണത്തിന് ടെണ്ടറില്ലാതെ വാഹനം ഏർപ്പാടാക്കിയതും, പണം തട്ടിയെടുക്കാൻ വ്യാജ വാഹന റജിസ്‌ട്രേഷൻ നമ്പർ രേഖപ്പെടുത്തിയതും കണ്ടെത്തിയിരുന്നു.
തട്ടിച്ച മൊത്തം തുകയിൽ വാഹനകരാറുകാരുമായി ഒത്തുകളിച്ച് വ്യാജ യാത്രാബിൽ ഉണ്ടാക്കിമാത്രം കൈക്കലാക്കിയത് 11,73, 060 രൂപയാണ്.
തട്ടിപ്പ് നടത്തിയവർക്കെതിരെ വകുപ്പുതല നടപടിയെടുക്കുക, തുക തിരിച്ചു പിടിക്കുക, യാത്ര നടത്തിയെന്ന് വ്യാജരേഖയിൽ പറയുന്ന ദിവസങ്ങളിലെ ശമ്പളം തിരിച്ചുപിടിക്കുക, ഇക്കാര്യങ്ങൾ സർവീസ് ബുക്കിൽ രേഖപ്പെടുത്തുക തുടങ്ങിയ ശുപാർശകളാണ് ധനകാര്യ പരിശോധനാ വിഭാഗം സർക്കാരിന് നൽകിയത്.