തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാറിന്റെ ഒഴിവിലേക്കുള്ള രാജ്യസഭാ സീറ്റിലേക്ക് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കല്പകവാടിയെ സ്ഥാനാർത്ഥിയാക്കാൻ യു.ഡി.എഫ് തീരുമാനിച്ചു. ഈ മാസം 24നാണ് തിരഞ്ഞെടുപ്പ്.
നിയമസഭയിലെ കക്ഷിനിലയനുസരിച്ച് ഇടതുമുന്നണിക്ക് വിജയമുറപ്പാണെങ്കിലും ഏകപക്ഷീയമായ വിജയം അനുവദിക്കേണ്ടെന്ന നിലപാടിലാണ് യു.ഡി.എഫ്. നിയമസഭയിലുൾപ്പെടെ സർക്കാരിനെതിരെ സന്ധിയില്ലാസമരമെന്ന സൂചന നൽകാനും കൂടിയാണിത്.
യു.ഡി.എഫ് മത്സരിക്കാൻ തീരുമാനിച്ചതോടെ കേരള കോൺഗ്രസ്- ജോസ് കെ.മാണി പക്ഷത്തിന്റെ നിലപാടിലും ആകാംക്ഷയായി. നിയമസഭയിലിപ്പോഴും കേരള കോൺഗ്രസ്-എം ഒറ്റക്കക്ഷിയാണ്. വിപ്പ് നൽകേണ്ടതാരെന്ന ചോദ്യത്തിൽ ജോസ്, ജോസഫ് വിഭാഗങ്ങൾക്കിടയിൽ തർക്കമാരംഭിച്ചിട്ടുണ്ട്. നിയമസഭയിലെ പാർട്ടി വിപ്പ് ആയ റോഷി അഗസ്റ്റിൻ ആണ് വിപ്പ് നൽകേണ്ടതെന്നാണ് ജോസ് വിഭാഗത്തിന്റെ നിലപാട്.
13 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 14ന് സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 17ആണ്. ടിക്കാറാം മീണയാണ് തിരഞ്ഞെടുപ്പ് നിരീക്ഷകൻ. റിട്ടേണിംഗ് ഓഫീസർ നിയമസഭാ സെക്രട്ടറിയാണ്. രാവിലെ 9നും വൈകിട്ട് നാലിനുമിടയിലാണ് പത്രിക സമർപ്പിക്കേണ്ടത്.