തിരുവനന്തപുരം: ജലജീവൻ പദ്ധതി പ്രകാരം 21.42 ലക്ഷം ഗ്രാമീണ കുടുംബങ്ങൾക്ക് കുടിവെളള കണക്ഷൻ നൽകുന്നതിനുള്ള ടെണ്ടർ നടപടികൾ തുടങ്ങാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. മുഴുവൻ ഗ്രാമീണ വീടുകളിലും 2024 ൽ കുടിവെള്ള കണക്ഷൻ നൽകുന്നതിനുള്ള പദ്ധതിയുടെ അവലോകന യോഗത്തിലാണ് നിർദ്ദേശം.
പദ്ധതി നടത്തിപ്പിന് 800 കോടി വകയിരുത്തിയിട്ടുണ്ട്. മേൽനോട്ടത്തിന് പഞ്ചായത്ത് പ്രസിഡൻറുമാർ അദ്ധ്യക്ഷരായി മേൽനോട്ട സമിതി രൂപീകരിക്കും. എം.എൽ.എ ഫണ്ട് പഞ്ചായത്ത് വിഹിതമായി വിനിയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി തോമസ് എെസക് പറഞ്ഞു.
മന്ത്രി കെ.കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ്, തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ, വാട്ടർ അതോറിട്ടി മാനേജിംഗ് ഡയറക്ടർ എസ്. വെങ്കിടേശപതി തുടങ്ങിയവർ പങ്കെടുത്തു.