തിരുവനന്തപുരം :ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച 219ൽ 193 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. വീട്ടു നിരീക്ഷണത്തിലുണ്ടായിരുന്നവരിൽ 6 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 19 പേർക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് രോഗികളിൽ ഇന്നലെയും ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരത്തു നിന്നാണ്. കൊവിഡ് ചികിത്സ കഴിഞ്ഞ് സുഖം പ്രാപിച്ച വൃദ്ധ വീട്ടിലെത്തിയ അരമണിക്കൂറിനകം മരണമടഞ്ഞു. മുട്ടത്തറ സ്വദേശി ദേവകിയാണ് (77) ഇന്നലെ മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അഞ്ചുതെങ്ങിൽ ഇന്നലെ 440 പേരെ പരിശോധിച്ചതിൽ 108പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ആന്റിജൻ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ ഏഴ് ആരോഗ്യപ്രവർത്തകർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.നെയ്യാറ്റിൻകര കനറാ ബാങ്ക് ശാഖ പൂട്ടി. ജീവനക്കാരന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.
ഇന്നലെ ജില്ലയിൽ പുതുതായി 1,155 പേർ രോഗനിരീക്ഷണത്തിലായി. 615 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി .ജില്ലയിൽ 14,791 പേർ വീടുകളിലും 804 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 314 പേരെ പ്രവേശിപ്പിച്ചു.213 പേരെ ഡിസ്ചാർജ് ചെയ്തു.ജില്ലയിൽ ആശുപത്രികളിൽ 2,985 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 805 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 768 പരിശോധന ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 804പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.