തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ഉന്നത ബന്ധങ്ങൾ കണ്ടെത്താൻ സെക്രട്ടറിയേറ്റിലെ നിരീക്ഷണ കാമറകളിലെ ഒരു വർഷത്തെ ദൃശങ്ങൾ ഒരു സെക്കന്റ്പോലും ബ്രേക്ക് വരാത്തവിധം വേണമെന്ന് എൻ. ഐ.എ ആവശ്യപ്പെട്ടതോടെ അത് ഉടനൊന്നും ലഭിക്കില്ലെന്ന് ഉറപ്പായി. ദൃശ്യങ്ങൾ പകർത്തുന്നത് നിറുത്തിവച്ചിരിക്കുകയാണ്.
2019 ജൂലായ് ഒന്നുമുതൽ 2020 ജൂലായ് 12വരെയുള്ള ദൃശ്യങ്ങളാണ് എൻ.ഐ.എ തേടിയത്. സെക്രട്ടേറിയറ്റിലും രണ്ട് അനക്സുകളിലും ഗേറ്റുകളിലുമായുള്ള
83 കാമറകളിലെ ഒരുവർഷത്തെ ദൃശ്യങ്ങൾ തുടർച്ചയായി പകർത്താൻ 400 ടി.ബി ശേഷിയുള്ള ഹാർഡ് ഡിസ്ക് വേണം.സംസ്ഥാനത്ത് 12 ടി.ബി വരെ ശേഷിയുള്ള ഹാർഡ് ഡിസ്കുകളേ വാങ്ങാൻ കിട്ടൂ.
വിദേശത്തു നിന്ന് ഹാർഡ് ഡിസ്ക് വരുത്തേണ്ടിവരുമെന്ന് പൊതുഭരണവകുപ്പ് പറയുന്നു.അതിന് മുക്കാൽ ലക്ഷം രൂപയോളമാവും. പ്രാദേശികമായി ഹാർഡ് ഡിസ്ക് വാങ്ങാനാണ് ചീഫ്സെക്രട്ടറിയുടെ അനുമതിയുള്ളത്. വിദേശത്തുനിന്ന് വാങ്ങാൻ പ്രത്യേക അനുമതി വേണ്ടിവരും. ഇതിനു പകരം, സെക്രട്ടേറിയറ്റിലെ കാമറാദൃശ്യങ്ങൾ സൂക്ഷിക്കുന്ന സെർവർ എൻ.ഐ.എയ്ക്ക് കൈമാറാൻ തയ്യാറല്ല. ഇത് സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്ന് പൊതുഭരണവകുപ്പ് വിശദീകരിച്ചു. ഒരുമാസത്തെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും ദൃശ്യങ്ങൾ എന്ന് കൈമാറണമെന്ന് എൻ.ഐ.എ അറിയിച്ചിട്ടില്ലെന്നും പൊതുഭരണവകുപ്പ് പറഞ്ഞു.
തേടുന്ന തെളിവുകൾ
സ്വപ്നയും സരിത്തും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫീസുകളിൽ പതിവായി എത്തിയിരുന്നതായി മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ തെളിവുകൾ തേടിയാണ് എൻ.ഐ.എ സെക്രട്ടേറിയറ്റിലെത്തിയത്. കസ്റ്റംസ് തടഞ്ഞുവച്ച ബാഗ് വിട്ടുകിട്ടാൻ സ്വപ്നയും സരിത്തും ഉന്നതരെ ഉപയോഗിച്ച് നടത്തിയ നീക്കങ്ങൾ കണ്ടെത്തണം. സ്വർണക്കടത്തിന് സർക്കാർ വാഹനം ഉപയോഗിച്ചുണ്ടോയെന്നും കണ്ടെത്തണം.
കന്റോൺമെന്റ് ഗേറ്റിലെ കാമറകളിൽ ശിവശങ്കറും സ്വപ്നയും വാടകയ്ക്കെടുത്ത ഫ്ലാറ്റ്, ഗൂഢാലോചന നടത്തിയ ഹോട്ടൽ എന്നിവിടങ്ങളിലെ പരിസര ദൃശ്യങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. സ്വർണമെത്തിയ ദിവസങ്ങളിൽ പ്രതികൾ ശിവശങ്കറിന്റെ വാഹനം ഉപയോഗിച്ചോയെന്ന് ഗേറ്റിലെ ദൃശ്യങ്ങളിൽ അറിയാനാവും.