തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളായ മുഹമ്മദ് അലി, മുഹമ്മദ് അലി ഇബ്രാഹിം എന്നിവരുമായി എൻ.ഐ.എ ഇന്നലെ, തുടർച്ചയായ രണ്ടാം ദിവസവും തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തി. മുഹമ്മദ് അലി കൈവെട്ട് കേസിലെ 24-ാം പ്രതിയായിരുന്നു. ഇയാളെയും കൂട്ടാളി മുഹമ്മദ് അലി ഇബ്രാഹിമിനെയും മൂവാറ്റുപുഴയിൽ നിന്ന് ഞായറാഴ്ചയാണ് പിടി കൂടിയത്. മുഖ്യ പ്രതി കെ.ടി റമീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം.ശിവശങ്കറും സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്നയും താമസിച്ചിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തെ ഹെദർ ഫ്ളാറ്റിലാണ് പ്രതികളെ ആദ്യമെത്തിച്ചത്. പിന്നീട് ഫ്ലാറ്റിനടുത്തെ ഹോട്ടലിലും, തമ്പാനൂർ, കോവളം എന്നിവിടങ്ങളിലെ ഹോട്ടലുകളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. നേരത്തേ നടന്ന സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനകളിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് കണ്ടെത്തൽ. സ്വപ്നയുടെ ഫ്ളാറ്റിലും ഹോട്ടലുകളിലും നടന്ന ചർച്ചകളിൽ ഇവർ പങ്കെടുത്തിരുന്നു... ഹോട്ടലുകളിൽ വച്ച് ഇവർക്ക് സ്വർണം കൈമാറിയിരുന്നതിനും തെളിവ് ലഭിച്ചു.
ജലാൽ, ഷാഫി, ഷറഫുദ്ദീൻ, ഷെഫീഖ് എന്നിവരുമായി ബുധനാഴ്ച തിരുവനന്തപുരത്ത് എൻ.ഐ.എ തെളിവെടുപ്പു നടത്തിയിരുന്നു. നയതന്ത്ര ബാഗേജ് വഴി സ്വർണമെത്തിയപ്പോൾ പ്രധാന പ്രതികളിലൊരാളായ റമീസിനൊപ്പം ജലാലും തിരുവനന്തപുരത്തുണ്ടായിരുന്നു. രണ്ട് ദിവസം സെക്രട്ടേറിയറ്റിന് സമീപത്തെ ഹോട്ടലിൽ താമസിച്ചു. അമ്പലംമുക്കിലെ സ്വപ്നയുടെ ഫ്ളാറ്റിലെത്തി ഗൂഢാലോചന നടത്തിയതായും ഇയാൾ സമ്മതിച്ചു..