കോവളം: നഷ്ടപ്പെട്ട പഴ്സും പണവും തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. വെങ്ങാനൂർ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറായ വെങ്ങാനൂർ നവനീതത്തിൽ എം.ഗിരീഷ് കുമാറാണ് വെങ്ങാനൂർ ജംഗ്ഷനിൽ നിന്നു കളഞ്ഞു കിട്ടിയ 21,505 രൂപ അടങ്ങുന്ന പഴ്സ് പൊലീസ് സ്റ്റേഷനിൽ തിരികെ നൽകി മാതൃകയായത്. അന്വേഷണത്തിൽ പഴ്സ് വിഴിഞ്ഞം മുക്കോല പി.എച്ച്.സിയിലെ ആശാവർക്കറായ ഗീതാ മണിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.ഫീൽഡ് വർക്കിനായി വെങ്ങാനൂർ ഭാഗത്തെത്തിയ ഇവരുടെ സ്‌കൂട്ടറിൽ നിന്നു സാധനങ്ങൾ മാറ്റുന്നതിനിടെ അബദ്ധത്തിൽ പഴ്സ് റോഡിലേക്ക് വീഴുകയായിരുന്നു. ഇതിന് ശേഷം ഇവർ ചാവടിനട പുരവിയിലുള്ള വസതിയിലെത്തിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഗീത മണിയേയും ഗിരീഷ് കുമാറിനേയും വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും വിഴിഞ്ഞം സി.ഐ. എസ്.ബി.പ്രവീണിന്റെയും ജനമൈത്രി പൊലീസ് സ്റ്റേഷൻ സി.ആർ.ഒ തിങ്കൾ ഗോപകുമാറിന്റെയും സാന്നിദ്ധ്യത്തിൽ പഴ്സ് ഉടമയ്ക്ക് തിരികെ നൽകുകയുമായിരുന്നു.