തിരുവനന്തപുരം: സമൂഹവ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്ത് കൊവിഡ് രോഗികൾ ദിനം പ്രതിവർദ്ധിക്കുമ്പോഴും രോഗികളെ പാർപ്പിക്കാൻ ബാർട്ടൺഹില്ലിലുള്ള ഐ.എം.ജി (ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ട്രെയിനിംഗ്) ഹോസ്റ്റലിലെ എ-ബ്ലോക്കിലെ മുറികൾ തുറക്കാൻ അധികൃതർ ഇനിയും തയാറായിട്ടില്ല. ഐ.എ.എസ് ഉദ്യോഗസ്ഥർ പരിശീലനത്തിനെത്തുമ്പോൾ താമസിക്കുന്ന 26 മുറികളാണ് അടച്ചു പൂട്ടിയിട്ടിരിക്കുന്നത്. മറ്റുള്ള ഉദ്യോഗസ്ഥർക്ക് നൽകുന്ന ബി ബ്ലോക്കിലെ 35 മുറികളും സി ബ്ലോക്കിലെ 60 മുറികളുമാണ് നിലവിൽ ഉപയോഗിക്കുന്നത്. കൊവിഡ് കേസുകൾ വർദ്ധിച്ച ആദ്യ ഘട്ടത്തിൽ ഐ.എം.ജി ക്വാറന്റൈൻ കേന്ദ്രമായിരുന്നു. അടുത്തിടെയാണ് ലക്ഷണങ്ങൾ ഇല്ലാത്ത രോഗികളെ പാർപ്പിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കിയത്.രോഗികൾ വർദ്ധിച്ചതോടെ മുറികൾ തികയാത്ത സ്ഥിതിയാണ്.
എ ബ്ലോക്ക് കൂടി തുറക്കാൻ ആരോഗ്യവകുപ്പ് ശ്രമം നടത്തിയെങ്കിലും മേൽതട്ടിൽ നിന്ന് അതു തുറക്കരുതെന്ന് നിർദ്ദേശം നൽകിയതായാണ് വിവരം. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കളക്ടർ അദ്ധ്യക്ഷയായ ജില്ലാ ദുരന്തനിവാരണ അതോറിട്ടി ലഭ്യമായ എല്ലാ കെട്ടിടങ്ങളും കൊവിഡ് രോഗികളെ പാർപ്പിക്കുന്നതിനായി കണ്ടെത്തണമെന്നാണ് തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.സ്വകാര്യ ഹോട്ടലുകളെ ഉൾപ്പെടെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഉപയോഗിക്കാൻ ആൾതാമസമില്ലാത്ത വീടുകളുടെ പട്ടികയും പൊലീസും തദ്ദേശസ്ഥാപങ്ങളും ചേർന്ന് തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ സർക്കാരിന്റെ സ്വന്തം മുറികൾ തുറന്നു നൽകുന്നില്ലെന്നതാണ് ശ്രദ്ധേയം. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് ഐ.എം.ജി.
പാർപ്പിക്കുന്നത് ഇവരെ
രോഗബാധിതരാകുന്ന പൊലീസുകാർ,ഡോക്ടർമാർ, ജനപ്രതിനിധികൾ, മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരെയാണ് ഇപ്പോൾ ഇവിടെ പ്രവേശിപ്പിക്കുന്നത്.രോഗബാധിതരാകുന്ന ഡോക്ടർമാരുടെ എണ്ണം പ്രതിദിനം വർദ്ധിച്ചതോടെ ബി,സി ബ്ലോക്കുകൾ നിറഞ്ഞ അവസ്ഥയാണിപ്പോൾ.അതേസമയം എ,ബ്ലോക്കിലെ രണ്ടു മുറികളിൽ ഐ.എം.ജിയുടെ മേൽനോട്ട ചുമതലയുള്ള കെയർ ടേക്കർമാർ താമസിക്കുന്നുണ്ട്. മുന്തിയ ഇനം കിടക്കകളുള്ള എയർകണ്ടീഷൻ ചെയ്ത മുറികളാണ് എബ്ലോക്കിലുള്ളത്.
തുറന്നാൽ മെച്ചം
രോഗബാധിതരെ പലകേന്ദ്രങ്ങളിൽ പാർപ്പിക്കുന്നതിന് പകരം ഒരിടത്ത് കൂടുതൽ പേരെ പാർപ്പിക്കുന്നത് ചികിത്സാപ്രവർത്തനങ്ങൾക്ക് സഹായകരമാണ്. രോഗബാധിതരെ പാർപ്പിക്കുന്ന ഇടങ്ങളിലെല്ലാം ആരോഗ്യപ്രവർത്തകരെയും നിയോഗിക്കണം. ആരോഗ്യപ്രവർത്തകർ രോഗബാധിതാകാൻ തുടങ്ങിയതോടെ ഡ്യൂട്ടിക്ക് ആളുകൾ തികയാത്ത സ്ഥിതിയാണ്. ഒരു സ്ഥലത്ത് കൂടുതൽ പേരെ പാർപ്പിച്ചാൽ ആരോഗ്യപ്രവർത്തകരുടെ സേവനവും ക്രമീകരിക്കാൻ സഹായകരമാകും.
അടഞ്ഞു കിടക്കുന്നത് 26 മുറികൾ
ഫോട്ടോ.. ഐ.എം.ജിയിലെ എ ബ്ലോക്ക്