anemia

ആഹാരത്തിന്റെ ദൗർലഭ്യമാണ് പണ്ട് പലതരം രോഗങ്ങൾക്ക് കാരണമായിരുന്നത്. എന്നാൽ ഇന്ന് ആഹാരം സുലഭമായി ലഭിക്കുന്നുണ്ടെങ്കിലും വിളർച്ച പോലുള്ള അസുഖങ്ങൾ കൂടിവരുന്നുവെന്നത് ചിന്തിക്കേണ്ട കാര്യമാണ്. ധാരാളമായി കഴിക്കുന്ന പല ആധുനിക ഭക്ഷണത്തിലും ശരിയായ പോഷണം ഉണ്ടാക്കാനുള്ള ഒന്നും അടങ്ങിയിട്ടില്ല എന്നതാണ് ഇതിന്റെ കാരണം. അതോടൊപ്പം പോഷണം ലഭിക്കുന്ന പലതും തെറ്റായ രീതിയിൽ പാകം ചെയ്ത് ഉപയോഗിക്കുന്നു എന്നതും മറ്റൊരു കാരണമാണ്. ചുരുക്കത്തിൽ,​ ഭക്ഷണരീതിയിൽ നമുക്ക് വന്ന മാറ്റത്തിന്റെ പരിണത ഫലമാണ് വിളർച്ച.

നിറമുള്ള, രുചിയുള്ള, പ്രത്യേക ആകൃതിയുള്ള, മണമുള്ള എന്തു കൊടുത്താലും കുട്ടികൾ ഭക്ഷണമായി കഴിച്ചുകൊള്ളും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ശരീരത്തിന് ഇത് എന്തു പ്രയോജനം ചെയ്യുമെന്ന് ആരും ശ്രദ്ധിക്കാറില്ല.

പല ദീർഘകാല രോഗങ്ങളാൽ ഇ.എസ്.ആർ വർദ്ധിക്കുന്നതും രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്നതും വിളർച്ചയ്ക്ക് കാരണമാകും. പ്രാണവായു വിലെ ഓക് സിജൻ സ്വീകരിച്ച് കോശങ്ങളിൽ എത്തിക്കുന്നതിനും കാർബൺ ഡൈ ഓക്സൈഡിനെ കോശങ്ങളിൽ തിരികെ കൊണ്ടു വരുന്നതിനും ഹീമോഗ്ലോബിൻ ആവശ്യമാണ്.

സാധാരണ,​ പ്രായപൂർത്തിയായ ഒരു പുരുഷന്റെ ശരീരത്തിൽ 14.5 ഗ്രാം ശതമാനവും സ്ത്രീയുടെ ശരീരത്തിൽ 13.5 ഗ്രാം ശതമാനവും ഹീമോഗ്ലോബിനാണ് കാണേണ്ടത്. ഇതിൽ കുറവായാൽ വിളർച്ച ഉള്ളതായി പരിഗണിക്കാം. സ്ത്രീകൾക്കും കുട്ടികൾക്കുമാണ് വിളർച്ച കൂടുതലായി കാണപ്പെടുന്നത്.

അൾസർ , അർശസ്, മുറിവുകൾ,ആർത്തവം, പ്രസവം തുടങ്ങിയവ കാരണം രക്തം ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്നതും ശരീരത്തിൽ ഉണ്ടാകുന്ന ചില ട്യൂമറുകളുടെ വളർച്ചയ്ക്ക് കൂടുതൽ രക്തം ഉപയോഗിക്കപ്പെടുന്നതും ചുവന്ന രക്താണുക്കൾ ഉണ്ടാകുന്ന പ്രവർത്തനത്തിലെ തടസങ്ങളും കുടലിൽ പലവിധത്തിലുള്ള വിരകളുടെ സാന്നിധ്യവും ചില കരൾ രോഗങ്ങളും കാരണം ഹീമോഗ്ലോബിന്റെ അളവിൽ കുറവ് സംഭവിക്കാം.

ആഹാരക്കുറവ് പോലെ പരിഗണിക്കേണ്ടതാണ് കഴിക്കുന്ന ആഹാരം ശരിയായി ദഹിക്കാതെ പുറത്തേക്ക് പോകുന്ന ഇറിറ്റബിൽ ബവൽ സിൻഡ്രം എന്ന രോഗവും.

വിളർച്ചയുടെ ആരംഭത്തിൽത്തന്നെ തളർച്ച, ത്വക്കിന്റെ മൃദുത്വം നഷ്ടപ്പെട്ട് രൂക്ഷത വരിക, ഇടക്കിടെ തുപ്പുക, കൺപോളകളിൽ വീക്കം, കല്ലും മണ്ണും തിന്നാൽ താൽപ്പര്യം, അരി തിന്നുക, ദഹനക്കുറവു, നെഞ്ചിടിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകും.

രോഗം വർദ്ധിക്കുന്നതിനനുസരിച്ച് കൈ കാലുകളിൽ പെരുപ്പ്,കഴപ്പ്, വേദന, ആഹാരത്തോട് വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം,കിതപ്പ്, വെപ്രാളം ,ചെവിയിൽ ഊതുന്നശബ്ദം കേൾക്കുകയോ കൊട്ടി അടയ്ക്കുകയോ ചെയ്യുക, തലചുറ്റൽ ,തലവേദന എപ്പോഴും കിടക്കണം എന്ന തോന്നൽ,കാഴ്ച മങ്ങുക,ഇടക്കിടെ നെഞ്ച് വേദന ,ശരീരത്തിന് ബലക്കുറവ് തുടങ്ങിയവ അനുഭവപ്പെടാം.
ശരീരത്തിന് ഗുണകരമായ ആഹാരസാധനങ്ങൾ തിരിച്ചറിഞ്ഞ് ഉപയോഗിക്കുക, അല്ലാത്തവ പരമാവധി കുറയ്ക്കുക.അയൺ ഗുളികകൾ മലബന്ധം ഉണ്ടാക്കും എന്നതിനാൽ ശ്രദ്ധിച്ചു മാത്രം ഉപയോഗിക്കുക.
വിളർച്ച പരിഹരിച്ചില്ലെങ്കിൽ മറ്റു രോഗങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

ഫലപ്രദവും വളരെ ചെലവു കുറഞ്ഞതുമായ ധാരാളം മരുന്നുകൾ ആയുർവേദത്തിലുണ്ട്. ഭാരതീയ ചികിത്സ വകുപ്പിന് കീഴിലുള്ള സർക്കാർ ആയുർവേദ ഡിസ് പെൻസറിയിലും ആശുപത്രികളിലും സൗജന്യമായി ഇവ ലഭിക്കുകയും ചെയ്യും.