footbal

ആ​റ്റിങ്ങൽ: അന്താരാഷ്ട്ര നിലവാരത്തിലുള്ള ആ​റ്റിങ്ങൽ ശ്രീപാദം സ്​റ്റേഡിയത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. ഫുഡ്‌ബാൾ മൈതാനവും 400 മീ​റ്റർ സിന്ത​റ്റിക് ട്രാക്കും ജിംനേഷ്യവുമാണ് പ്രധാന ആകർഷണങ്ങൾ. നിർമ്മാണം പൂർത്തിയാകുന്നതോടെ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള ഏ​റ്റവും ആധുനികസൗകര്യങ്ങളുള്ള സ്റ്റേഡിയമായി ഇത് മാറും. സിന്ത​റ്റിക് ട്രാക്ക് നിർമ്മാണത്തിനായി 7 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ഫുഡ്‌ബാൾ മൈതാനത്തിന് ചു​റ്റുമാണ് 400 മീ​റ്റർ നീളത്തിൽ ട്രാക്ക് നിർമ്മിക്കുന്നത്. ഇതിനായി മെ​റ്റൽ, പാറപ്പൊടി, മണൽ, സിമന്റ് എന്നിവ ചേർന്ന മിശ്രിതം നിരത്തുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. 370 മീ​റ്റർ നീളത്തിൽ ഇവ സ്ഥാപിച്ചു കഴിഞ്ഞു. ഇതുറപ്പിച്ചശേഷം ടാർ ചെയ്യും. അതിനുശേഷമാണ് സിന്ത​റ്റിക് പാകുന്നത്. ഇതിനായി ജർമ്മനിയിൽ നിന്ന് വിദഗ്ദ്ധരെത്തണം. സിന്ത​റ്റിക് ഉൾപ്പെടെയുള്ള സാധനങ്ങൾ സ്റ്റേഡിയത്തിൽ തയ്യാറായിട്ടുണ്ടെങ്കിലും ലോക് ഡൗണും മഴയും പ്രതികൂലമാണ്. ഫുഡ്‌ ബാൾ മൈതാനത്തിന് 1.5 കോടിയാണ് ചെലവിടുന്നത്. ഗോൾ പോസ്​റ്റുകൾ സ്ഥാപിക്കൽ, പുല്ലിനിടയിലെ കള നീക്കം ചെയ്ത് പുല്ല് ചെത്തി നിരപ്പാക്കി ഉറപ്പിക്കൽ എന്നീ ജോലികളാണ് ഇതിൽ ബാക്കിയുള്ളത്. ആധുനിക രീതിയിലുള്ള ജിംനേഷ്യം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. ഫുഡ്‌ബാൾ മൈതാനത്തിന് ഇരുവശവുമുള്ള ഡി സർക്കിളിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഇവിടെ ജാവലിൻ, ഹാമർ, ഷോട്പുട്ട്, പോൾവാട്ട്, ഹൈജമ്പ്, ലോംഗ്ജമ്പ്, ട്രിപ്പിൾചെയ്‌സ് തുടങ്ങിയ മത്സരങ്ങൾ നടത്താനാണ് സജ്ജമാക്കുന്നത്.

9 കോടിയുടെ പദ്ധതി

7 കോടി സിന്ത​റ്റിക് ട്രാക്കിന്

1.5 കോടി ഫുഡ്‌ബാൾ മൈതാനത്തിന്

0.5 കോടി ജിനേഷ്യത്തിന്

ഇപ്പോൾ നടക്കുന്ന വികസനപദ്ധതികൾ പൂർത്തിയാകുന്നതോടെ അന്താരാഷ്ട്ര മത്സരങ്ങൾ നടത്താനുള്ള വേദിയായി മാറും. പുതുവർഷത്തിൽ നാടിനുസമർപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്

- ബി. സത്യൻ എം.എൽഎ

ഇൻഡോർ സ്‌​റ്റേഡിയത്തിലെ നിർമ്മാണത്തിലുണ്ടായ അപാകതകൾ പരിഹരിച്ച് അതുംകൂടി പ്രയോജനപ്പെടുത്താൻ നടപടികളുണ്ടാകണം. ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ നഗരസഭയുടെ നേതൃത്വത്തിലും നടക്കുന്നുണ്ട്.

- എം. പ്രദീപ്, ആ​റ്റിങ്ങൽ നഗരസഭാ ചെയർമാൻ

നാട്ടുകാരായ കായികപ്രേമികൾക്കും വിദ്യാർത്ഥികൾക്കും കൂടി പരിശീലനത്തിന് അവസരം നല്കണം. മുൻപ് രാവിലെയും വൈകിട്ടും ധാരാളം പേർ സ്റ്റേഡിയത്തിൽ നടക്കാനും കാ​റ്റുകൊള്ളാനുമെത്തുമായിരുന്നു. അത്തരം സൗകര്യങ്ങൾ തുടർന്നും അനുവദിക്കണം.

- കായിക പ്രേമികൾ