അംഗീകരിക്കില്ല: മന്ത്രി സി. രവീന്ദ്രനാഥ്
ദേശീയ വിദ്യാഭ്യാസനയം സംസ്ഥാനം അംഗീകരിക്കില്ല. കാരണം ഇത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയത്തോട് യോജിക്കുന്നതല്ല.
ദേശീയ വിദ്യാഭ്യാസ നയം ദേശീയ സാമ്പത്തിക നയത്തോട് ചേർന്ന് നിൽക്കുന്നതാണ്. സാമ്പത്തിക നയത്തിന്റെ പല വശങ്ങളും വിദ്യാഭ്യാസ നയത്തിലും കാണാം. ഇതിലൊന്നാണ് കമ്പോളവൽകരണം. അധികാര കേന്ദ്രീകരണം ഇതിന്റെ അനന്തരഫലമാണ്. ഫെഡറൽ സംസ്കാരം നഷ്ടപ്പെടും.
പ്രാദേശികതയിൽ ഊന്നിക്കൊണ്ടുള്ള വിദ്യാഭ്യാസം നഷ്ടപ്പെടും. ഉദാഹരണത്തിന് നവോത്ഥാനം എന്ന ആശയം ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. നമ്മുടെ നവോത്ഥാന നായകർ അവർക്ക് പരിചിതരല്ല. കേരളത്തിന്റെ ചരിത്രം ഇവിടെയുള്ളവർക്ക് മനസിലാക്കാൻ സാധിക്കില്ലെങ്കിൽ നമ്മുടെ ആവാസവ്യവസ്ഥയെ അത് ബാധിക്കും.
രണ്ടാമത്തെ പ്രശ്നം സ്വാശ്രയവൽകരണമാണ്. സർക്കാർ പൂർണമായും പിന്തിരിയേണ്ടി വരും. വിദ്യാഭ്യാസ രംഗത്ത് കുതിപ്പിനല്ല, കിതപ്പിനാണ് ഇതൊക്കെ ഇടയാക്കുക.
നമ്മുടെ വിദ്യാഭ്യാസ രീതി കഴിഞ്ഞ രണ്ട് വർഷമായി നീതി ആയോഗിന്റെ വിലയിരുത്തലിൽ രാജ്യത്ത് ഒന്നാമതെത്തിയതാണ്. ഒരു തയ്യാറെടുപ്പുമില്ലാതെ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ഘടന അടിച്ചേൽപിക്കുന്നത് അംഗീകരിക്കാനാവില്ല.
വിദേശ സർവകലാശാലകളുടെയും സ്വാശ്രയസ്ഥാപനങ്ങളുടെയും വരവ് വിദ്യാഭ്യാസത്തെ വിൽപനചരക്കാക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നയം നടപ്പാക്കുമെന്നാണ് അറിയുന്നത്. ഒരു ജനാധിപത്യരാജ്യത്ത് ലോക്സഭയിൽ പോലും വിഷയം ചർച്ച ചെയ്തിട്ടില്ല. ആദ്യഘട്ടത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ നയത്തെ ശക്തമായി എതിർത്തതാണ്. നയത്തെ എതിർക്കാൻ തന്നെയാണ് സംസ്ഥാനത്തിന്റെ തീരുമാനം. പൂർണരീതിയിൽ നയം നടപ്പാക്കാനും ഉദ്ദേശിക്കുന്നില്ല.
ഫെഡറലിസം അട്ടിമറിക്കും : മന്ത്രി ഡോ. കെ.ടി ജലീൽ
പാർലമെന്റിൽ പോലും ചർച്ച ചെയ്യാതെയാണ് രാജ്യത്തെ വിദ്യാഭ്യാസം ഉടച്ചുവാർക്കുന്ന വിദ്യാഭ്യാസനയം പ്രഖ്യാപിച്ചിരിക്കുന്നത്.വിദേശ സർവകലാശാലകളെ ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുവദിക്കുന്ന നയം രാജ്യത്തെ ഉന്നത വിദ്യഭ്യാസം പൂർണമായും സ്വകാര്യ കുത്തകകളുടെ കൈകളിലെത്തിക്കും.
ഗ്രോസ് എൻറോൾമെന്റ് അനുപാതം 50ശതമാനമായി ഉയർത്തുമെന്നും ജി.ഡി.പിയുടെ 6% വിദ്യാഭ്യാസത്തിനുവേണ്ടി മാറ്റിവയ്ക്കുമെന്നും നയത്തിൽ പ്രഖ്യാപനമുണ്ട്. ഇത് സ്വാഗതാർഹമാണെങ്കിലും ആ ലക്ഷ്യത്തിലെത്തുന്നതിന് സംസ്ഥാനങ്ങൾക്കാവശ്യമായ ധനസഹായങ്ങളെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങളില്ല. സംസ്ഥാനങ്ങളുടെയും സർവകലാശാലകളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളൂം പൂർണമായി ഒഴിവാക്കി. സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും ഫെഡറലിസം സംരക്ഷിക്കുന്നതിനും ആവശ്യമായ നിർദേശങ്ങളും നയത്തിൽ ഇല്ല.
ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസത്തെ നിരാകരിക്കുന്നതുമായ നയമാണിത്. പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക സമുദായങ്ങൾക്ക് ഭരണഘടനാപരമായി ഉറപ്പുവരുത്തേണ്ട സംവരണത്തെക്കുറിച്ച് നയം മൗനം പാലിക്കുന്നു. തീവ്ര കേന്ദ്രീകരണത്തിനുള്ള അനന്തസാദ്ധ്യതകളാണ് നയത്തിലുള്ളത്. മിക്ക നിർദേശങ്ങളും പൊതു സ്ഥാപനങ്ങൾക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുകയും കോർപറേറ്റ്, സ്വാശ്രയ മേഖലകളെ ശക്തിപ്പെടുത്തുകയും ചെയ്യും.
നിലവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ധനകാര്യ സ്വയംഭരണത്തിലേക്ക് മാറാൻ പ്രേരിപ്പിക്കപ്പെടും. ഉയർന്ന ഫീസീടാക്കാൻ നിർബന്ധിതരാവുകയും ചെയ്യും. സ്വാശ്രയ സ്ഥാപനങ്ങൾ ഈ അവസരം മുതലെടുക്കുകയും വ്യാപകമായി പുതിയ കോഴ്സുകൾ ആരംഭിക്കുകയും ഉയർന്ന ഫീസ് ഈടാക്കുകയും ചെയ്യും.
കോളേജുകൾക്ക് സർവകലാശാലയുമായുള്ള അഫിലിയേഷൻ 2035ഓടെ ഘട്ടം ഘട്ടമായി അവസാനിപ്പിച്ച് കോളേജുകൾക്ക് ഡിഗ്രി നൽകുന്നതിനുള്ള സ്വയംഭരണ പദവി അനുവദിക്കും. സംസ്ഥനത്ത് ഇത് വലിയ തിരിച്ചടിയുണ്ടാക്കും.
വലിയ യത്നം ; പി.ജെ. ജോസഫ്
ജീർണതയിൽ നിന്ന് വിദ്യാഭ്യാസ മേഖലയെ ഉയർത്തികൊണ്ടുവരാനുള്ള വലിയ യത്നമാണ് പുതിയ നയം
1996ൽ ഞാൻ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് കേരളത്തിൽ പ്രൈമറി തലം വരെയായിരുന്ന സൗജന്യ വിദ്യാഭ്യാസം 12-ാം ക്ലാസ് വരെയാക്കിയത്. അതിന് ശേഷം പ്രീഡിഗ്രിക്ക് ഒരു ലക്ഷം സീറ്റായിരുന്നത് നാല് ലക്ഷം സീറ്റായി. പത്താംക്ലാസ് പാസാകുന്ന എല്ലാ കുട്ടികൾക്കും തുടർപഠനത്തിന് അവസരം ലഭിച്ചു. ഇത് രാജ്യം മുഴുവൻ നടപ്പിലാക്കണമെന്ന് ഡൽഹിയിൽ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്തായാലും അത് ഇപ്പോഴെങ്കിലും നടപ്പിലാക്കിയത് സ്വാഗതാർഹമാണ്.
മാറ്റം അനിവാര്യം ; ജി. വിജയരാഘവൻ
സ്കൂൾ തലത്തിൽ തൊഴിൽ വിദ്യാഭ്യാസം കഴിഞ്ഞാൽ നേരിട്ട് തൊഴിലിലേക്ക് പോകാൻ കഴിയുന്നത് വളരെ നല്ലതാണ്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ രീതി നിലവിലുണ്ടെങ്കിലും പ്ളസ് വണ്ണിന് കിട്ടാത്തവരാണ് അതിന് പോകുന്നത്. വൊക്കേഷണൽ കോഴ്സും കഴിഞ്ഞ് പിന്നെ ഡിഗ്രിക്ക് പോകുന്നവരുണ്ട്. ആ രീതിയല്ല വേണ്ടത്.
കാലത്തിനനുസരിച്ച് എല്ലാ കോഴ്സുകളും മാറിക്കൊണ്ടിരിക്കണം. ചെറിയ ക്ളാസിലെ ഒരു തൊഴിൽ കൂടി പഠിക്കുന്നത് നല്ലതാണ്. പണ്ട് ക്രാഫ്റ്റ് എന്നൊരു പഠനമുണ്ടായിരുന്നു. വളരെ ഗുണം ചെയ്തതാണ്. കുട്ടികളിൽ തൊഴിലിലിനോട് ആഭിമുഖ്യമുണ്ടാക്കാനായി.
മൂന്ന് വർഷ കോഴ്സ് കഴിയുന്നവർക്ക് വിദേശത്ത് മാസ്റ്റർ ബിരുദത്തിന് പ്രവേശനം കിട്ടില്ല. അമേരിക്കയിൽ പി.ജിക്ക് പ്രവേശനം കിട്ടണമെങ്കിൽ നാല് വർഷത്തെ ബിരുദകോഴ്സ് കഴിഞ്ഞിരിക്കണം. മൂന്ന് വർഷം കൊണ്ട് ഒരാളെ ആ വിഷയത്തിൽ പൂർണമായി രൂപപ്പെടുത്തി എടുക്കാനാവില്ല. മാത്രവുമല്ല, ഇപ്പോഴത്തെ ഇവിടത്തെ വിദ്യാഭ്യാസ രീതി വച്ച് ബിരുദത്തിന് മാത് സ് െഎച്ഛിക വിഷയമെടുക്കുന്നയാൾക്ക് ബയോളജി ഉപവിഷയമായി പഠിക്കാനാവില്ല.
കൊഴിഞ്ഞു പോക്ക് നിൽക്കും : ടി.പി ശ്രീനിവാസൻ
വിദ്യാഭ്യാസ രംഗത്തെ സമൂലമായ പുരോഗതിയിലേക്ക് നയിക്കാനുള്ള ശ്രമമാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. മറ്റുരാജ്യങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ വിദ്യഭ്യാസ മേഖല പിറകിലാണ്. കുട്ടികൾക്ക് എന്തുപഠിക്കണമെന്നും ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്നും തീരുമാനിക്കാനുള്ള അവസരം ലഭ്യമാകും. ഏതു കോമ്പിനേഷൻ വേണമെന്ന് കോളേജുകൾക്കും യൂണിവേഴ്സിറ്റികൾക്കും തിരഞ്ഞെടുക്കാനും കഴിയും. കോളേജുകളിലെത്തുമ്പോൾ ബിരുദപഠനം നാലു വർഷമാക്കുന്നതിനൊപ്പം പഠിക്കുന്നതിനിടയിൽ വിദേശത്തു പോകുകയോ പഠനം തത്കാലം നിറുത്തുകയോ ചെയ്താൽ പഠിച്ച കാലയളവ് മുഴുവൻ ക്രെഡിറ്റ് ചെയ്യാൻ സാധിക്കുമെന്നതാണ് പ്രത്യേകത.
എപ്പോഴാണോ പഠനം തുടരാൻ ആഗ്രഹിക്കുന്നത് അപ്പോൾ തുടർന്ന് പഠിക്കാൻ തടസം ഉണ്ടാകില്ല. ഇതിലൂടെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാൻ കഴിയും . സ്വയംഭരണാധികാരം എല്ലാ കോളേജുകൾക്കും നൽകും. യൂണിവേഴ്സിറ്റികൾക്ക് കീഴിൽ അഫിലിയേഷനുള്ള കോളേജുകൾ എന്ന രൂപം തന്നെ അവസാനിക്കും .
പ്രയോജനകരം ; ഡോ. ടി.പി. സേതുമാധവൻ
രാജ്യത്തെ സ്കൂൾവിദ്യാഭ്യാസത്തിനും ഉന്നതവിദ്യാഭ്യാസത്തിനും ദേശീയവിദ്യാഭ്യാസനയം ഏറെ പ്രയോജനപ്പെടും. അഞ്ചുവയസുവരെയാണ് കുട്ടികളുടെ മസ്തിഷ്കവികാസം നടക്കുന്നത്.
ഇത് മനസിലാക്കിയാണ് ഒന്നാം ക്ളാസിന് മുൻപ് മൂന്ന് വർഷത്തെ പ്രീസ്കൂളിംഗ് വിഭാവനം ചെയ്തത്. സെക്കൻഡറിയോടൊപ്പം ഹയർസെക്കൻഡറി തലം ചേർത്തിട്ടുമുണ്ട്. പതിനെട്ട് വയസാകുമ്പോഴേയ്ക്കും തൊഴിൽ നൈപുണ്യവും ഭാഷയും കണക്കുകളും കൈകാര്യം ചെയ്യാനും ശേഷിയും ഉണ്ടാകും. വിദ്യാർത്ഥികളിൽ പഠനനിലവാരം ഉയർത്താൻ ഫൗണ്ടേഷൻ സ്കിൽ വേണം.
വിദ്യാർത്ഥി സംഘടനകളുടെ പ്രതികരണം
ഷബിൻ ഹാഷിം,
കെ.എസ്.യു
സംസ്ഥാന ജോയിന്റ് സെക്രട്ടറി
പുതിയ ദേശീയ വിദ്യാഭ്യാസ നയം പഠിച്ചതിന് ശേഷം നിലപാട് വ്യക്തമാക്കും. ഇതിനായി വിദ്യാഭ്യാസമേഖലയിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ട് 10 ദിവസത്തിനകം പൊതുസമൂഹത്തിനു മുൻപിൽ സമർപ്പിക്കും. വിദ്യാർത്ഥികളെയും,വിദ്യാഭ്യാസ സമൂഹത്തെയും, പൊതുസമൂഹത്തെയും ദേശീയ വിദ്യാഭ്യാസ നയ ത്തിന്റെ 'വരികൾക്കിടയിലെ അജൻഡകൾ" ഉൾപ്പെടെ തുറന്നുകാട്ടി ബോധവാന്മാരാക്കുകയെന്ന ലക്ഷ്യമാണ് ഈ പഠനം കൊണ്ട് ഉദ്ദേശിക്കുന്നത്.
കെ.എം. സച്ചിൻദേവ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി
അപകടം പതിയിരിക്കുന്നതും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. ധൃതിപിടിച്ച് പാർലമെന്റിനെ നോക്കുകുത്തിയാക്കി രാജ്യത്തിന്റെ ജനതയുടെ മേലിൽ അടിച്ചേൽപ്പിക്കുന്ന ഇൗ നയത്തിൽ വാണിജ്യവത്കരണവും വർഗീയവത്കരണവും ഉൾപ്പെട്ടിരിക്കുന്നു. സംസ്ഥാന സർക്കാരിനെയും സർവകലാശാലകളെയും അപ്രസക്തമാക്കി, പൂർണമായും കേന്ദ്രസർക്കാരിന്റെ അധീനതയിലേക്ക് അധികാരത്തെ പരിമിതപ്പെടുന്ന രീതിയിലാണ് ഈ നയം വിഭാവനം ചെയ്തിരിക്കുന്നത്. ആർ.എസ്.എസിന്റെയും സംഘപരിവാർ രാഷ്ട്രീയത്തിന്റെയും നയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
എം.എം. ഷാജി, എ.ബി.വി.പി സംസ്ഥാന സെക്രട്ടറി
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്യുന്നു. പുതിയ നയം അനന്തമായ സാദ്ധ്യതകളാണ് വിദ്യാർത്ഥികൾക്ക് തുറന്നു നൽകുന്നത്. മൂന്നു വയസുമുതൽ 18 വയസുവരെയുള്ള വിദ്യാർത്ഥികൾക്ക് സാർവത്രിക സൗജന്യ വിദ്യാഭ്യാസം നൽകുന്ന നയം ഈ മേഖലയിൽ വലിയ പരിവർത്തനം സൃഷ്ടിക്കും. ഇന്ത്യൻ ആംഗ്യ ഭാഷയെ രാജ്യത്തുടനീളം ഏകീകരിക്കുകയും ശ്രവണവൈക്യല്യമുള്ള വിദ്യാർത്ഥികൾക്ക് ഉപയോഗപ്രദമാകുംവിധം ദേശീയ-സംസ്ഥാന പാഠ്യപദ്ധതികൾ വികസിപ്പിക്കുകയും ചെയ്യുന്ന പുതിയ നയം വലിയൊരു മുന്നേറ്റത്തിന് തുടക്കം കുറിക്കും.