1

പൂവാർ:കൊവിഡ് 19 രോഗവ്യാപനവും ലോക്ക് ഡൗണും രൂക്ഷമായതോടെ ഹോളോബ്രിക്സ് നിർമാണത്തെ പ്രിതിസന്ധിയിലാക്കിയിരിക്കുകയാണ്. ഗ്രാമീണ മേഖലകളിലാണ് ഹോളോബ്രിക്സ് നിർമ്മാണ യൂണിറ്റുകൾ കൂടുതലായും പ്രവർത്തിക്കുന്നത്. അതിൽ അധികവും സ്വയം തൊഴിൽ സംരംഭങ്ങളെന്ന നിലയിൽ വിവിധ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടമെടുത്ത് തുടങ്ങിയവയാണ്. ലോക്ക് ഡൗൺ നടപ്പായതോടെ നമ്മുടെ നാട്ടിലെ ക്വാറികൾ എല്ലാം അടച്ചുപൂട്ടുകയും അസംസ്കൃത വസ്തുക്കളായ മെറ്റൽ, പാറപ്പൊടി തുടങ്ങിയവ കിട്ടാതെയുമായി. ഗതാഗത നിയന്ത്രണം വന്നതോടെ സിമെന്റിന്റെ വരവും കുറഞ്ഞു. യാത്രാവിലക്കു കാരണം ഹോളോബ്രിക്സ് യൂണിറ്റുകളിൽ പ്രവർത്തിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളെയും കിട്ടാതായി. ഈ പ്രതിസന്ധി തുടരുമ്പോഴും നാമമാത്രമായി പ്രവർത്തിക്കുന്ന യൂണിറ്റുകളാകട്ടെ പാറപ്പൊടിയും മെറ്റലും തമിഴ്നാട്ടിൽ നിന്നും എത്തിക്കേണ്ട ഗതികേടിലാണ്. കന്യാകുമാരി ജില്ലയിലെ ക്വാറികൾ പ്രവർത്തിക്കാത്തതിനാൽ തിരുനെൽവേലിയിൽ നിന്നും വലിയ വാഹനത്തിൽ കുടുതൽ അളവ് സാധനങ്ങൾ കൊണ്ടുവരാൻ നിർബന്ധിക്കപ്പെടുകയാണെന്ന് സംരംഭകർ പറയുന്നു. 8 ചതുരം (1 ചതുരം -100 കുട്ട) പാറപ്പൊടിക്ക് 30,000 രൂപയാണ് വില. ഇതു തന്നെയാണ് അരയിഞ്ച്, കാലിഞ്ച് മെറ്റലിന്റെയും വില. 340 രൂപയ്ക്ക് കിട്ടിയിരുന്ന സിമെന്റ് ഇപ്പോൾ 410 രൂപയാണ്. ഈ കടമ്പകളെല്ലാം കടന്ന് നിർമിക്കുന്ന കട്ടകളാകട്ടെ ആവശ്യക്കാരില്ലാത്തതിനാൽ അട്ടിയിട്ട് വച്ചിരിക്കുകയാണ്.

പ്രതിസന്ധി

വില്പനയില്ലാത്തതിനാൽ ലോൺ കുടിശ്ശികയായി കടം വർദ്ധിക്കുന്നു. ദൈനംദിന ചെലവുകൾക്കു പോലും വഴിയില്ലാതെ വീർപ്പുമുട്ടുകയാണ് ഹോളോബ്രിക്സ് സംരംഭകർ. മതിൽ കെട്ടാൻ ഉപയോഗിക്കുന്ന 4 ഇഞ്ച് കല്ലിന് 26 രൂപയും വീട് നിർമ്മിക്കാൻ ഉപയോഗിക്കുന്ന 6 ഇഞ്ച് കല്ലിന് 37 രൂപയും 8 ഇഞ്ച് കല്ലിന് 48 രൂപയുമാണ് വില. കൂടാതെ ഹോൾ ഇല്ലാതെയും, ആവശ്യപ്പെടുന്ന വലിപ്പത്തിലും കല്ല് നിർമ്മിച്ചു നൽകുന്നുണ്ട്. ഹോളോബ്രിക്സും സിമെന്റ് മെറ്റീരിയലും ഒരു യൂണിറ്റായി പ്രവർത്തിക്കുന്നത് പല സ്ഥലങ്ങളിലും കാണാനാകും. വേണ്ടത്ര ആവശ്യക്കാർ ഇല്ലാത്തതിനാൽ സിമെന്റ് മെറ്റീരിയലുകളായ ജന്നൽ, കട്ടള, സിമെന്റ് റിംഗ്സ്, ഫളവർ പോട്ട്, സിമെന്റ് പില്ലർ, ഇന്റർലോക്ക് ബ്രിക്സ്, കോൺക്രീറ്റ് സ്ലാബ്, തൂവാനം, ഫിഷ് ടാങ്കുകൾ തുടങ്ങിയവയുടെ നിർമ്മാണവും പ്രതിസന്ധിയിൽ തന്നെയാണ് തുടരുന്നത്.