photo1

പാലോട്: 2018ൽ ആരംഭിച്ച നന്ദിയോട് ചെറ്റച്ചൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജൂൺ മുപ്പതിനകം സഞ്ചാരയോഗ്യമാക്കും എന്ന് പറഞ്ഞ അധികാരികളുടെ വാക്ക് വെറും പാഴ്‌വാക്കായി. 9.86 കോടി രൂപയാണ് കരാർ തുക. ഒരു റോഡ് നവീകരണം വരുത്തിയ വിന ഓർത്ത് മൂക്കത്ത് വിരൽ വച്ചിരിക്കുകയാണ് നന്ദിയോട് പച്ചയിലെ നാട്ടുകാർ. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ മുതൽ സർക്കാർ നൽകിയ നിർദ്ദേശങ്ങൾ കരാർ കമ്പനി പാലിക്കുന്നില്ല എന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. 6800 മീറ്റർ ഓട നിർമ്മാണം, സൈഡ് വാൾ നിർമ്മാണം, പാലങ്ങൾ, എന്നിവയും ഈ റോഡ് നിർമ്മാണത്തോടനുബന്ധിച്ചുള്ള കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്.നിലവിൽ കാൽനട യാത്ര പോലും സാദ്ധ്യമാകാതെ റോഡ് നിർമ്മാണത്തിനായുള്ള മണ്ണ് പല സ്ഥലങ്ങളിലും കൂട്ടിയിട്ട നിലയിലാണ്. നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ മേൽ ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോഴുള്ള മറുപടി, വനം വകുപ്പുമായും വൈദ്യുതി വകുപ്പുമായും ബന്ധപ്പെട്ട് ചില തടസങ്ങൾ ഉണ്ടായിരുന്നു എന്നും അത് പരിഹരിച്ച് മാർച്ച് അവസാനത്തോടെ ടാറിംഗ് പൂർത്തിയാക്കുമെന്നും മറ്റ് അടിസ്ഥാന ജോലികൾ കൂടി പൂർത്തിയാക്കി ജൂൺ 30നകം പൂർണമായും ഗതാഗത യോഗ്യമാക്കുമെന്നുമായിരുന്നു. എന്നാൽ ഒന്നും നടന്നില്ല എന്നു മാത്രമല്ല വീടുകളിലും കടകളിലും മുന്നിലുള്ള ഓടകളിൽ സ്ലാബ് ഇടുന്നതുൾപ്പെടെ ഒന്നും പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് കഴിഞ്ഞിട്ടുമില്ല. സർക്കാരിന്റെ ബഡ്ജറ്റ് വർക്ക് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 2018ൽ 9.68 കോടി രൂപയാണ് കരാർ തുക. ടാറിംഗിന് മുന്നേ തന്നെ പച്ച ജംഗ്ഷനിൽ കരിങ്കല്ലിൽ തീർത്ത പാർശ്വഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണിരുന്നു. കരാർ വ്യവസ്ഥകൾ ഒന്നും പാലിക്കാതെയാണ് നിലവിൽ റോഡുപണി നടക്കുന്നതെന്നും ഇതിനെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.