ബാലരാമപുരം: ബാലരാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ബാലരാമപുരം,വെങ്ങാനൂർ പഞ്ചായത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 71 കടന്നു. 64 കേസുകൾ ബാലരാമപുരം പഞ്ചായത്തിലാണ്. 71 പേർ രോഗം ബാധിച്ചതിൽ 30 പേർക്ക് അസുഖം ഭേഭമായി.കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ ബാലരാമപുരത്ത് സ്ഥിതിഗതികൾ വിലയിരുത്താൻ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സജ്ഞയ്‌കുമാർ ഇന്നലെ ബാലരാമപുരത്ത് എത്തിയിരുന്നു. റൂറൽ എസ്.പി. അശോകൻ, ബാലരാമപുരം സി.ഐ ജി.ബിനു, എസ്.ഐ വിനോദ് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ബാലരാമപുരത്ത് കച്ചവട സ്ഥാപനങ്ങൾ രണ്ട് മണി വരെയായിരിക്കും പ്രവർത്തിക്കുക. കോവളം നിയോജക മണ്ഡലത്തിൽ മിക്കയിടങ്ങളിലും ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ബാലരാമപുരം പഞ്ചായത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കളക്ടർ ഇടപെട്ട് അടിയന്തരമായി ട്രീറ്റ്മെന്റ് സെന്ററുകൾ തുടങ്ങാനുള്ള നടപടി വേഗത്തിലാക്കണമെന്ന് അഡ്വ.എം.വിൻസെന്റ് എം.എൽ.എ ആവശ്യപ്പെട്ടു.