അധികാരത്തിന്റെ ഇടനാഴിയിൽ സ്വപ്‌നാ സുരേഷിന് വൻ സ്വാധീനമുണ്ടെന്നാണ് സ്വർണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് കോടതിയെ അറിയിച്ചത്. കേരളാ പൊലീസിൽ അവർക്ക് വൻ സ്വാധീനശക്തിയുണ്ട്. ഉന്നതബന്ധങ്ങളുപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. പൊലീസിനെയും ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനെയുമെല്ലാം വരച്ച വരയിൽ നിറുത്താനുള്ള സ്വാധീനം സ്വപ്നയ്ക്ക് എങ്ങനെ കിട്ടി? ഇതാണ് അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നത്. യു.എ.ഇ പോലൊരു രാഷ്ട്രത്തിന്റെ കോൺസുലേറ്റ് സ്വപ്‌നയില്ലാതെ പ്രവർത്തിക്കാൻ കഴിയില്ലെന്ന സ്ഥിതിയാണ് ! കോൺസുലേറ്റിൽ നിന്ന് പുറത്തായിട്ടും, സ്വപ്നയ്ക്ക് പ്രതിമാസം ആയിരം ഡോളർ (75,000രൂപയോളം) കോൺസുലേറ്റ് പ്രതിഫലം നൽകുന്നതും കൗതുകകരം.
കോൺസുലേറ്റിലെ സ്വാധീനമുപയോഗിച്ച് സ്വർണക്കടത്ത് മാത്രമല്ല സ്വപ്ന നടത്തിയത്. കോൺസുലേറ്റ് ഉന്നതരുമായി ചേർന്ന് വമ്പൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തി. കമ്മിഷനായി കോടികൾ കൈയിലെത്തി. റിയൽ എസ്റ്റേറ്റ് ഇടപാടുകളുള്ള പൊലീസിലെ ഉന്നതനെ വലയിൽ വീഴ്‌ത്തിയത് ഇങ്ങനെയാണ്. മക്കൾക്ക് സ്കൂൾ, കോളേജ് പ്രവേശനത്തിനും ലോക്ക് ഡൗണിൽ പിടിയിലായ ഹോം നഴ്സിനെ വിട്ടയയ്ക്കാനുമെല്ലാം ഈ ഉന്നതൻ നേരിട്ട് ഇടപെട്ടു. പ്രളയ പുനർനിർമ്മാണത്തിന് സ്വപ്ന ഇടനിലക്കാരിയായാണ് യു.എ.ഇയിലെ സന്നദ്ധസംഘടനകൾ പണമെത്തിച്ചത്. പുനർനിർമ്മാണത്തിന് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ച ശേഷമായിരുന്നു ഈ ഇടപാടുകൾ. മന്ത്രിമാരുടെ ഓഫീസുകളിൽ സ്വപ്നയും സരിത്തും നിത്യസന്ദർശകരായിരുന്നെന്ന് എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ തെളിവുതേടിയാണ് സെക്രട്ടേറിയറ്റിലെ ഒരുവർഷത്തെ സിസിടിവി ദൃശ്യങ്ങൾ എൻ.ഐ.എ ആവശ്യപ്പെട്ടത്.
വമ്പന്മാരുടെ ബിനാമി
സ്വപ്നാ സുരേഷ് നിരവധി ഉന്നതരുടെ ബിനാമിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, സ്വപ്നയ്ക്കും നിരവധി ബിനാമി നിക്ഷേപമുണ്ട്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന് സ്വപ്നയുമായി ചേർന്ന് റിയൽ എസ്റ്റേറ്ര് ഇടപാടുകളുണ്ടായിരുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും വിവരം കിട്ടി. സ്വപ്നയുടെ മക്കൾക്ക് തിരുവനന്തപുരത്തെ സ്കൂളിലും കോളേജിലും പ്രവേശനം വാങ്ങിനൽകിയതും ഇദ്ദേഹമാണ്. പൊലീസിലേതടക്കം ഉന്നതർക്ക് വിദേശത്ത് ബിനാമി നിക്ഷേപത്തിന് സൗകര്യമൊരുക്കുക സ്വപ്നയുടെ രീതിയായിരുന്നു. സ്വപ്നയുടെ കള്ളപ്പണ, ബിനാമി ഇടപാടുകളെക്കുറിച്ച് കസ്റ്റംസും എൻഫോഴ്സ്‌മെന്റും അന്വേഷിക്കുകയാണ്.
നയതന്ത്ര പരിരക്ഷ ദുരുപയോഗിച്ച് 23തവണ സ്വർണം കടത്തിയെന്നാണ് കണ്ടെത്തൽ. സ്വർണക്കടത്തിനുള്ള പ്രതിഫലം സ്വപ്ന പണമായിട്ടും സ്വർണമായിട്ടുമാണ് കൈപ്പറ്റിയിരുന്നതെന്ന കസ്റ്റംസിന്റെ സംശയം ബലപ്പെടുത്തുന്നതാണ് അവരുടെ ബാങ്ക് ലോക്കറുകളിലെ നിക്ഷേപങ്ങൾ. ഓരോ ഇടപാടിലും അഞ്ചുമുതൽ 15 വരെ ലക്ഷം വരെ സ്വപ്നയ്ക്ക് കിട്ടിയിരുന്നതായാണ് കണ്ടെത്തൽ.
സെക്രട്ടേറിയറ്റിനടുത്ത് എസ്.ബി.ഐ സിറ്റി ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വർണവും ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 36.5 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. സ്വർണക്കടത്തിന് സഹായിച്ചതിന് സ്വപ്നയ്‌ക്ക് ലഭിച്ച പ്രതിഫലമാണിതെന്നാണ് എൻ.ഐ.എയുടെ നിഗമനം. സ്വപ്‌നയുടെയും ചാർട്ടേർഡ് അക്കൗണ്ടിന്റെയും ജോയിന്റ് അക്കൗണ്ടിൽ തുറന്ന ലോക്കറാണിത്. ലോക്കർ തുറന്നത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വെളിപ്പെടുത്തിയിട്ടുണ്ട്. സ്വപ്നയുടെ സ്വത്തുക്കളുടെ കണക്കെടുപ്പ് കസ്റ്റംസ് നടത്തിയിട്ടുണ്ട്. സഹകരണ ബാങ്കുകളിലും ലക്ഷങ്ങളുടെ നിക്ഷേപം. സ്വപ്നയുടെ ഭർത്താവിന്റെയും മക്കളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരം ഉദ്യോഗസ്ഥർ ശേഖരിച്ചു. തിരുവനന്തപുരത്തെ കണ്ണേറ്റുമുക്കിൽ വീട് നിർമിക്കുന്ന സ്ഥലം കുടുംബവകയാണ്. അച്ഛൻ സുരേഷിന്റെ പേരിലുള്ള ഭൂമി അദ്ദേഹത്തിന്റെ മരണശേഷമാണ് സ്വപ്നയ്ക്കു ലഭിച്ചത്.
സ്വപ്നയുടെ സൗഹൃദവലയത്തിലുണ്ടായിരുന്ന ചില സർക്കാർ ഉദ്യോഗസ്ഥരും ഐടി ഉന്നതരുമെല്ലാം വിദേശത്തെ ബിനാമി നിക്ഷേപ ഇടപാടുകൾ അവരുമായി നടത്തിയിരുന്നു. ഇതിൽ മിക്കവർക്കും സ്വപ്‌നയ്ക്ക് സ്വർണക്കടത്തുള്ളതായി അറിയില്ലായിരുന്നു. സ്‌പേസ് പാർക്കിലെ ജോലിയിലൂടെ ലഭിച്ച സൗഹൃദങ്ങളും ഇത്തരം ബിസിനസ് ബന്ധങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. കാർബൺ ഡോക്ടർ പോലെ 11സ്ഥാപനങ്ങൾ സ്വപ്നയും സന്ദീപും ചേർന്ന് തുറന്നിട്ടുണ്ട്. കോൺസുലേറ്റിലെ ബന്ധങ്ങളുപയോഗിച്ചാണ് വിദേശത്തെ ബിനാമി ഇടപാടുകൾ നടത്തിയിരുന്നത്.
സ്വത്തുക്കളെല്ലാം സർക്കാരിലേക്ക്
സ്വപ്നയടക്കമുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങിയിട്ടുണ്ട്. സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത്, ഫൈസൽ ഫാരിദ് എന്നിവരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ ഐ.ജിക്ക് കത്ത് നൽകിയിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിശദാംശങ്ങൾ രജിസ്‌ട്രേഷൻ ഐജിയിൽ നിന്ന് ശേഖരിച്ചു.
ബിനാമി, കള്ളപ്പണ, ഹവാലാ ഇടപാടുകൾ തിരയുന്ന എൻഫോഴ്സ്‌മെന്റ് സ്വപ്നയുടെ സ്വത്തുക്കളുടെയും വരവിന്റെയും കണക്കെടുക്കും. വരവിൽക്കവിഞ്ഞ് 20ശതമാനത്തിലേറെ സ്വത്തുണ്ടെങ്കിൽ ഇ.ഡിക്ക് സ്വത്ത് പരിശോധന നടത്താം. സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് സംശയിച്ച് പ്രതിയാക്കാം. അറസ്റ്റ് ചെയ്താൽ മൂന്നു മുതൽ ആറ് മാസം വരെ ജാമ്യം കിട്ടില്ല.
സ്വപ്നയ്ക്ക് തലസ്ഥാനത്ത് ഫ്ലാറ്റ് സമുച്ചയമുണ്ടെന്നാണ് വിവരം. സന്ദീപിന് 11 സ്ഥാപനങ്ങളുണ്ട്. ഏറെക്കാലം ജോലിചെയ്ത എയർഇന്ത്യ സാറ്റ്സിൽ 20000 രൂപയ്ക്കടുത്തായിരുന്നു സ്വപ്നയുടെ ശമ്പളം. കോൺസുലേറ്റിലും സ്പേസ് പാർക്കിലും ഒരു ലക്ഷത്തിലേറെ ശമ്പളമുണ്ടായിരുന്നെങ്കിലും മൂന്നുവർഷമേ ജോലിചെയ്തുള്ളൂ. സ്വത്തുക്കളുടെ സ്രോതസ് സ്വപ്നയ്ക്ക് വെളിപ്പെടുത്തേണ്ടിവരും.
ഊരാക്കുരുക്കിൽ
മന്ത്രി ജലീൽ
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീലും അദ്ദേഹം ചെയർമാനായ സി-ആപ്‌റ്റും (സെന്റർ ഫോർ അഡ്വാസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്) സ്വർണക്കടത്തു കേസിൽ സംശയനിഴലിലാണ്. യു.എ.ഇ നയതന്ത്ര ചാനലിലൂടെ സ്വർണംകടത്തിയ സ്വപ്നയും സംഘവും ലോക്ക്ഡൗണിനിടെ സ്വർണം കൊണ്ടുപോകാൻ സി-ആപ്‌റ്റിന്റെ വാഹനം ദുരുപയോഗിച്ചിട്ടുണ്ടോയെന്നാണ് കസ്റ്റംസും എൻ.ഐ.എയും പരിശോധിക്കുന്നത്. സി-ആപ്‌റ്റിന്റെ അടച്ചുമൂടിയ വാഹനത്തിൽ കോൺസുലേറ്റിന്റെ ആവശ്യത്തിനായി മലപ്പുറത്തെ എടപ്പാളിലേക്ക് 28പാഴ്സലുകൾ കൊണ്ടുപോയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സ്വന്തമായി വാഹനങ്ങളും വാഹനസൗകര്യമൊരുക്കാൻ ശേഷിയുമുള്ള യു.എ.ഇ കോൺസുലേറ്റ് എന്തിനാണ് സി-ആപ്‌റ്റിന്റെ വാഹനം ഉപയോഗിച്ചതെന്നാണ് സംശയം.
സ്വപ്നയുടെ ഫോൺ വിളിപ്പട്ടികയിൽ ഇടംപിടിച്ചതോടെ നേരത്തേ തന്നെ സംശയനിഴലിലായിരുന്നു മന്ത്രി ജലീൽ. റംസാൻ റിലീഫ് നൽകാൻ യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ നിർദ്ദേശപ്രകാരം സ്വപ്നയെ വിളിച്ചെന്ന ജലീലിന്റെ വാദം അന്വേഷണഏജൻസികൾ മുഖവിലയ്ക്കെടുക്കുന്നില്ല. സി-ആപ്‌റ്റിലെ ജീവനക്കാർ പരസ്പരവിരുദ്ധമായ മൊഴികളാണ് കസ്റ്റംസിന് നൽകിയത്. കോൺസുലേറ്റ് വാഹനത്തിൽ എത്തിച്ച പാഴ്സലുകൾ കൊണ്ടുപോയത് സി-ആപ്‌റ്റ് മുൻഡയറക്ടർ എം.അബ്ദുൽ റഹ്മാന്റെ നിർദ്ദേശപ്രകാരമായിരുന്നെന്ന് ജീവനക്കാർ കസ്റ്റംസിന് മൊഴിനൽകിയിട്ടുണ്ട്. സാങ്കേതിക സർവകലാശാലാ മുൻ പ്രോ വൈസ്ചാൻസലറാണ് അബ്ദുൽ റഹ്മാൻ.
ലോക്ക്ഡൗണിനിടെ മുഖ്യപ്രതി റമീസും സംഘവും വൻതോതിൽ സ്വർണം കടത്തിയെന്ന് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ജൂണിലും ജൂലായിലും റമീസ് നിരവധിതവണ തിരുവനന്തപുരത്ത് എത്തിയതായും എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് സി-ആപ്‌റ്റിലെ ഇടപാടുകൾ കൂടുതൽ ദുരൂഹമാക്കുന്നത്. മതഗ്രന്ഥങ്ങളെന്ന വ്യാജേന, സ്വർണം കടത്തിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ലോക്ക്ഡൗണായതിനാൽ, വഴിനീളെയുള്ള പൊലീസ് പരിശോധന ഒഴിവാക്കാൻ സ്വകാര്യവാഹനം ഒഴിവാക്കി സർക്കാർവാഹനം ദുരുപയോഗിച്ചെന്നാണ് സംശയം. യു.എ.ഇ കോൺസുലേറ്റിലെ വാഹനങ്ങൾ സി-ആപ്‌റ്റിൽ സ്ഥിരമായി എത്തിയിരുന്നതായും സീൽഡ് കവറുകൾ അടക്കം കൊണ്ടുപോയെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
ജൂൺ 18ന് വിമാനത്താവളത്തിൽ നിന്ന് രണ്ട് കോൺസുലേറ്റ് വാഹനങ്ങളിൽ 28 പാക്കറ്റുകൾ സി-ആപ്‌റ്റിൽ എത്തിച്ചിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പായ്‌ക്കറ്റുകൾ ഡയറക്ടറുടെ നിർദ്ദേശപ്രകാരം സി-ആപ്‌റ്റിന്റെ അടച്ചുപൂട്ടിയ വാഹനത്തിൽ കയറ്റി കൊണ്ടുപോയെന്നാണ് ജീവനക്കാരുടെ മൊഴി. പ്രത്യേകം മാർക്ക് ചെയ്തിരുന്ന ഒരു പാക്കറ്റ് പൊട്ടിച്ച് മതഗ്രന്ഥമാണെന്ന് സി-ആപ്‌റ്റിലെ ഉന്നതൻ ജീവനക്കാരെ കാട്ടുകയും ചെയ്തു. മറ്ര് പാക്കറ്റുകൾ പൊട്ടിക്കരുതെന്ന് കർശന നിർദ്ദേശവും നൽകി. യുഎഇ കോൺസുലേറ്റിലെ ചിലർ ഇവിടെ നിത്യസന്ദർശകരായിരുന്നെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. മുന്നിലും പിന്നിലും കേരളാസ്റ്റേറ്റ് ബോർഡുള്ള അടച്ചുമൂടിയ ലോറിയിൽ കൊണ്ടുപോയ പാക്കറ്റുകളിൽ കുറേയെണ്ണം മൂവാറ്റുപുഴയിൽ ഇറക്കി. നാലുദിവസം കഴിഞ്ഞാണ് വാഹനം തിരിച്ചെത്തിയത്.
പതിനായിരം നോട്ടുപുസ്തകങ്ങൾ ലോറിയിൽ കടത്തിയെന്നും ഡ്രൈവറും സി-ആപ്‌റ്റ് ഉന്നതനും തമ്മിൽ രഹസ്യനമ്പറിൽ വിളിച്ചതായും ലോറിയുടെ യാത്രയ്ക്ക് രേഖകളില്ലെന്നും കസ്റ്റംസിന് വിവരംകിട്ടി. ഖുർ ആന്റെ മലയാളം പതിപ്പ് സുലഭമായി ലഭിക്കുമ്പോൾ വിദേശത്തുനിന്ന് 28 പാക്കറ്റുകളെത്തിച്ചതിൽ ദുരൂഹതയുണ്ടെന്ന് കസ്റ്റംസ് പറയുന്നു. അടച്ചുമൂടിയ ലോറിയിൽ മലപ്പുറത്ത് എത്തിയതിനു പിന്നാലെ, സി-ആപ്‌റ്റിന്റെ മറ്റൊരു വാഹനം കർണാടകത്തിലേക്ക് പോയതായും വിവരമുണ്ട്. ബംഗളുരുവിലും മറ്റും പോയശേഷം ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ വാഹനം തിരിച്ചെത്തിയത്. മലപ്പുറത്തേക്കും കർണാടകത്തിലേക്കും പോയ വാഹനങ്ങളുടെ യാത്രാരേഖകളും കൃത്യമല്ല. നയതന്ത്ര സ്വർണക്കടത്ത് പിടികൂടിയതിന് പിന്നാലെ, സി-ആപ്‌റ്റ് ഡയറക്ടറായിരുന്ന അബ്ദുൾ റഹ്മാനെ എൽ.ബി.എസ് ഡയറക്ടറായി മാറ്റി നിയമിച്ചതും ദുരൂഹമാണെന്ന് കസ്റ്റംസ് പറഞ്ഞു. ജൂലായ് 23നാണ് അദ്ദേഹത്തിന് സി-ആപ്‌റ്റിൽ നിന്ന് വിടുതൽ നൽകിയത്.