കുളികൊണ്ട് എന്ത് പ്രയോജനമെന്ന് ചോദിച്ചാൽ വൃത്തിയാകുകയെന്നതാണ് ലളിതമായ ഉത്തരം. യഥാർത്ഥത്തിൽ അത് മാത്രമല്ല പ്രയോജനം. അതിലും ഏറെയാണ്.
നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി എന്നും കുളിക്കുന്നവരോട് കുറച്ചുകൂടി നന്നായി കുളിച്ചാൽ കൂടുതൽ പ്രയോജനം കിട്ടുമെന്ന് പറയേണ്ടതുണ്ട്.
വെറും വയറ്റിൽ തന്നെ കുളിക്കുന്നതാണ് നല്ലത്. രാവിലെ വെറും വയറ്റിൽ തന്നെ ചൂടാക്കി തണുപ്പിച്ച വെള്ളത്തിലോ ശുദ്ധജലത്തിലോ ആണ് കുളിക്കേണ്ടത്. ചായ, കാപ്പി, ബിസ്കറ്റ് എന്നിവ ഉൾപ്പെടെ എന്ത് കഴിച്ചാലും പിന്നെ വെറും വയറെന്ന് പറയാൻ കഴിയില്ല. വെറുംവയറ്റിൽ എന്നാൽ കഴിച്ച ആഹാരം ദഹിച്ച ശേഷം എന്ന് മനസിലാക്കി, രാവിലെയോ ഉച്ചയ്‌ക്കോ വൈകിട്ടോ കുളിക്കാം. കഴിക്കുന്ന ആഹാരം ദഹിക്കാൻ മൂന്നു മുതൽ അഞ്ച് മണിക്കൂർ വരെ സമയം എടുക്കാറുണ്ട്. കഞ്ഞി കുടിച്ചാൽ ദഹിക്കാൻ എടുക്കുന്ന സമയം പോരല്ലോ ബിരിയാണി കഴിച്ചാൽ വേണ്ടിവരുന്നത്. ചുരുക്കിപറഞ്ഞാൽ എന്തെങ്കിലും കഴിച്ചാൽ മൂന്നു മുതൽ അഞ്ചു മണിക്കൂർ കഴിഞ്ഞുവേണം കുളിക്കാൻ. എന്നാൽ രാത്രിയിലെ കുളി നല്ലതല്ല. പ്രത്യേകിച്ച് രാത്രി തല കുളിക്കുന്നത്.
കുളിക്കുന്നതിന് മുമ്പ് തലയിലും ചെവിയിലും പാദത്തിനടിയിലും എണ്ണ പുരട്ടണം. ദേഹം മുഴുവനായും പുരട്ടാം. അങ്ങനെ ചെയ്താൽ ഇന്ന് കാണുന്ന വാതരോഗങ്ങൾ, ബലക്കുറവ്, ശരീരത്തിന് ദൃഢത കുറവ്, കാഴ്ചസംബന്ധമായ ബുദ്ധിമുട്ടുകൾ, അകാലത്തിലുള്ള ജരാനരകൾ ,ഉറക്കക്കുറവ് , ത്വക്ക് രോഗങ്ങൾ തുടങ്ങി പല രോഗങ്ങൾക്കും ശമനമുണ്ടാകും.
എന്നാൽ, ചില രോഗാവസ്ഥകളിൽ തലയിലോ ദേഹത്തോ എണ്ണ തേയ്ക്കുന്നതിൽ നിർബന്ധമല്ല. അവരവർക്ക് ഹിതമായ എണ്ണ ഏത് എന്നതുസംബന്ധിച്ച് ഒരു ആയുർവേദഡോക്ടറുടെ ഉപദേശം തേടണം. കിട്ടുന്ന മരുന്നുകൾ ചേർത്ത്, തോന്നുന്നതുപോലെ എണ്ണ കാച്ചി, വർഷങ്ങളോളം വച്ചിരുന്ന് ഉപയോഗിക്കുന്ന ആളുകളുണ്ട്. സ്ഥിരമായി എണ്ണ തേയ്ക്കുന്നവരും തേയ്‌ക്കാത്തവരുമുണ്ട്. വെളിച്ചെണ്ണ, നല്ലെണ്ണ, ആവണക്കെണ്ണ തുടങ്ങി പല എണ്ണകൾ തേയ്ക്കുന്നവരുമുണ്ട്. ഏതായാലും എണ്ണ തേയ്ക്കുന്നവർ ഇടയ്ക്കിടെ അതില്ലാതെ കുളിക്കരുത്, പ്രത്യേകിച്ച് തലയിൽ. വല്ലപ്പോഴും എണ്ണ തേയ്ക്കുന്ന രീതിയും തലയ്ക്ക് യോജിക്കണമെന്നില്ല.
കാലാവസ്ഥയ്ക്കനുസരിച്ച് കുളിക്കാനുള്ള വെള്ളത്തിന്റെ ചൂട് ക്രമപ്പെടുത്താം. വേനൽ കാലത്ത് തണുത്ത വെള്ളത്തിലും തണുപ്പുകാലത്ത് ചൂടുവെള്ളത്തിലും കുളിക്കുന്നതാണ് ഉത്തമം. രണ്ടായാലും കൂടിയ ചൂടും കൂടിയ തണുപ്പും ഒഴിവാക്കണം. ചെറുചൂടുവെള്ളത്തിൽ ദേഹം കുളിക്കുന്നത് ശരീരബലം വർദ്ധിപ്പിക്കും. എന്നാൽ, അതേചൂടുവെള്ളം തലയിലൊഴിച്ചാൽ മുടികൊഴിച്ചിൽ, അകാലനര, നേത്രരോഗങ്ങൾ എന്നിവയുണ്ടാകും.നീർവീഴ്ചയുള്ളവർ ഒരു കവിൾ വെള്ളം വായിൽ നിറുത്തി കുളിക്കുന്നത് നല്ലതാണ്. തല കുളിക്കുമ്പോൾ തുപ്പിക്കളയാം. ആദ്യം തല കുളിക്കുന്ന ശീലമുള്ളവർക്ക് അതിന്റെ ആവശ്യമില്ല. ആദ്യം തല കുളിക്കുന്നതാണ് നല്ലതും.
ഹെർബൽ സോപ്പുകളിൽ വീര്യം കുറഞ്ഞവ ഉപയോഗിക്കുന്നതാണ് ഉത്തമം. സോപ്പിന്റെ മണമോ നിറമോ ആകൃതിയോ കുളിയുടെ പ്രയോജനത്തെ വർദ്ധിപ്പിക്കില്ല. കൂടുതൽ കാരമുള്ള സോപ്പുകൾ ഉപയോഗിക്കരുത്. സോപ്പുതേയ്ക്കുന്നതിനേക്കാൾ പ്രധാന്യം തേയ്ച്ച സോപ്പ് കഴുകി കളയുന്നതിൽ നൽകണം. കയ്യിൽ വച്ച് പതച്ച സോപ്പിന്റെ പതയാണ് രോമകൂപങ്ങൾക്ക് പ്രതിലോമമായി ദേഹത്ത് തേയ്‌ക്കേണ്ടത്. അല്ലാതെ, സോപ്പ് കൊണ്ടു തേയ്ക്കരുത്. തലയിൽ സോപ്പ് തേയ്ക്കുന്നതും നല്ലതല്ല . ആഴ്ചയിൽ ഒരു ദിവസം താളി അല്ലെങ്കിൽ ഷാമ്പൂ ഉപയോഗിക്കാം, ഷാമ്പൂ ഉപയോഗിക്കുന്നത് എണ്ണതേച്ച മുടിയിൽ ആയിരിക്കണം.
ശരിയായ വിശപ്പ്, ആയുസും ബലവും വർദ്ധിക്കുക, ഊർജം ലഭിക്കുക തുടങ്ങി പല ഗുണങ്ങളും കുളി കാരണം ലഭിക്കും.
ചെവിവേദന, വയറിളക്കം, സൈനസൈറ്റിസിന്റെ തുടക്കം, ദഹനക്കേട്, ആഹാരം ദഹിക്കുന്നതിന് മുമ്പ് എന്നീ അവസ്ഥകളിൽ കുളിക്കുന്നത് നല്ലതല്ല.