konnapookkal

അഭിലാഷ്. എസ് സംവിധാനം ചെയ്ത 'കൊന്നപ്പൂക്കളും മാമ്പഴവും' എന്ന സിനിമ ഇന്ന് മെയിൻ സ്ട്രീം ആപ്പിലൂടെ ഓൺലൈൻ റിലീസ് ചെയ്യുന്നു. സൂഫിയും സുജാതയും എന്ന സിനിമയ്ക്ക് ശേഷം ഓൺലൈൻ ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുന്ന മലയാളചിത്രമാണ് 'കൊന്നപ്പൂക്കളും മാമ്പഴവും'. കറുകച്ചാൽ എസ്.എം യു.പി സ്കൂൾ അദ്ധ്യാപകൻ കൂടിയാണ് എലിക്കുളം സ്വദേശിയായ സംവിധായകൻ അഭിലാഷ്. എസ്. എലിക്കുളം, ഇളംമ്പള്ളി പനമറ്റം പാഞ്ചാലിമേട് എന്നീ പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം.
പന്ത്രണ്ടിൽ പരം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത ഇദ്ദേഹം 2015 ൽ പുറത്തിറങ്ങിയ ഒന്നും ഒന്നും മൂന്ന് എന്ന സിനിമയിലെ മൂന്ന് കഥകളിൽ ഒന്ന് സംവിധാനം ചെയ്തിരുന്നു. വേനലവധികാലത്തെ ഗ്രാമജീവിതവും കളികളും ഉത്സവങ്ങളും ഒന്നും ആസ്വദിക്കാനാവാതെ പഠനത്തിന്റെ കുരുക്കിൽ അകപ്പെട്ടുപോകുന്ന കുട്ടികളുടെ മനസികാവസ്ഥയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ദേശീയ അന്തർ ദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ഈ കുട്ടികളുടെ ചിത്രത്തിൽ
ജെയ്ഡൻ ഫിലിപ്പ്, മാസ്റ്റർ ശ്രീദർശ്, മാസ്റ്റർ സഞ്ജയ്, മാസ്റ്റർ ജേക്കബ്, മാസ്റ്റർ അഹരോൻ, സനിൽ ബേബി, അനഘ, ഹരിലാൽ, സതീഷ് കല്ലകുളം, സൂര്യലാൽ, ശ്യാമ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വില്ലേജ് ടാക്കീസിന്റെ ബാനറിൽ നീന നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും ആദർശ് കുര്യൻ നിർവഹിക്കുന്നു.
ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ 2019, ലണ്ടൻ ഇന്റർനാഷണൽ മോഷൻ പിക്‌ചേഴ്സ് അവാർഡ്സ്, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഫസ്റ്റ് ടൈം ഫിലിം മേക്കേഴ്സ് സെഷൻ ഉൾപ്പെടെയുള്ളവയിൽ ചിത്രം ഒഫീഷ്യൽ സെലക്ഷൻ നേടി, വിഷ്വൽസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (2019) റഷ്യയിലെ സെമി ഫൈനലിസ്റ്റ് കൂടിയാണ് 'കൊന്നപൂക്കളും മാമ്പഴവും'.
പി.ആർ.ഒ: എ.എസ്.ദിനേശ്.