ദേവാലയങ്ങളിലെ പൊൻകുരിശുകളും വെള്ളിക്കുരിശുകളും വിറ്റുകിട്ടുന്ന പണം ഒട്ടേറെ പാവപ്പെട്ടവരുടെ ജീവിതം രക്ഷിക്കാൻ ഉപകരിക്കുമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടിരിക്കുന്നു. ദേവാലയങ്ങളിലെ സ്വർണം - വെള്ളി കുരിശുകൾ ഇന്ന് ഉപയോഗശൂന്യമായി സ്വയം വിലപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രവുമല്ല, കോടിക്കണക്കിനു ജനങ്ങൾ തലയ്ക്കു മീതെ ഒരു കൂര പോലും ഇല്ലാതെ അന്തിയുറങ്ങുമ്പോൾ ശതകോടികൾ മുടക്കി നാം കെട്ടിപ്പൊക്കിയ ദേവാലയ രമ്യഹർമ്മ്യങ്ങൾ ഇന്ന് മാറാല പിടിച്ച് അടഞ്ഞുകിടക്കുകയാണെന്നു പറയാനും അദ്ദേഹം മടിച്ചില്ല. മനുഷ്യ സ്നേഹിയായ മെത്രാപ്പോലീത്തയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ''ഇതാ ഒരു പുരോഹിതൻ" എന്നു വിളിച്ചുപറയാൻ തോന്നിപ്പോകുന്നു.
കൊച്ചി രാജ്യം ഭരിച്ചിരുന്ന രാമവർമ്മ മഹാരാജാവ് ദേവാലയ സ്വത്ത് പൊതുകാര്യങ്ങൾക്കുവേണ്ടി വിനിയോഗിച്ച ഭരണാധിപനായിരുന്നു. ഷൊർണ്ണൂരിൽ നിന്നും കൊച്ചിയിലേക്കുള്ള റെയിൽപ്പാത പണിയുന്നതിനുവേണ്ടി തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന സ്വർണ ഉരുപ്പടികൾ ഉപയോഗപ്പെടുത്തുകയുണ്ടായി.
വി.എസ്. ബാലകൃഷ്ണപിള്ള
മണക്കാട്, തൊടുപുഴ