valiyathura

തിരുവനന്തപുരം: 'ഇതിപ്പോൾ ഞങ്ങൾക്ക് ശീലമായി, ജീവിതത്തെ നിർവികാരതയോടെ നോക്കിനിൽക്കാൻ പഠിച്ചു' കൊവിഡും കടലാക്രമണവും ട്രോളിംഗ് നിരോധനവുമെല്ലാം തീരദേശത്തെ ബാധിച്ചതെങ്ങനെ എന്ന ചോദ്യത്തിന് ഒരു മത്സ്യത്തൊഴിലാളിയുടെ മറുപടിയാണിത്. ആദ്യം കൊവിഡ് വ്യാപനം ജീവിതം ദുരിതത്തിലാക്കി. പിന്നാലെ മത്സ്യബന്ധനം നിരോധിക്കപ്പെട്ടു. അതിനെ അതിജീവിക്കുന്നതിന് മുൻപ് തന്നെ കടലാക്രണവും. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലുമാവാതെ പട്ടിണിയും കഷ്ടപ്പാടുകളും ദുരിതവുമൊക്കെയായി ജീവിതം മുന്നോട്ടുനീക്കുകയാണ് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സമൂഹം.

തിരുവനന്തപുരത്തെ തീരദേശം, ചെല്ലാനം, ചേർത്തല,​ പൊന്നാനി എന്നിവിടങ്ങളിലാണ് കൊവിഡിനൊപ്പം കടലാക്രമണവും രൂക്ഷമായത്. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും മത്സ്യത്തൊഴിലാളികൾക്ക് ദുരിതജീവിതം തന്നെയാണ്. ചോറിന് രണ്ടും മൂന്നും കറികളെന്ന 'ആഡംബരം' ഇവർ മറന്നിട്ട് മാസങ്ങളായി. പല കുടുംബങ്ങളിലും വിവാഹങ്ങൾ മുടങ്ങി.

കടലാക്രമണത്തിൽ വീട് നഷ്ടമായവർ ബന്ധുവീടുകളിലേക്ക് പറിച്ചുനടപ്പെട്ടു. ഗൾഫിലുള്ള പലർക്കും ജോലി നഷ്ടപ്പെട്ടു. മരുന്നുകൾ മുടങ്ങി. ഇതിനൊക്കെ പുറമേ ഡെങ്കിപ്പനി,​ വൈറൽ പനി തുടങ്ങിയവകൂടി വന്നതോടെ ദുരിതം ഇരട്ടിച്ചു. ഹാർബറുകളിൽ നിന്ന് മത്സ്യം വാങ്ങി വീടുകളിലും മാർക്കറ്റുകളിലുമെത്തിച്ച് വിൽപ്പന നടത്തിയിരുന്ന സ്ത്രീകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവരിൽ പലരും രോഗികളും വിധവകളുമാണ്.

മത്സ്യബന്ധന അനുബന്ധ ജോലികൾ ചെയ്യുന്നവരും ഇതേ അവസ്ഥയിലാണ്. കുടുംബത്തെ താങ്ങിനിർത്തുന്നവരുടെ വരുമാനം നിലച്ചത് ഇവരുടെ ജീവിതത്തെ ഇരുട്ടിലാക്കി. മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് 2000 രൂപ വീതം സർക്കാർ നൽകി തുടങ്ങിയെങ്കിലും വിതരണം പൂർത്തിയായിട്ടില്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ അഞ്ച് കിലോ സൗജന്യ റേഷനാണ് സർക്കാർ നൽകിയത്. ഞായറാഴ്ച മുതൽ മത്സ്യബന്ധനത്തിന് അനുമതി ലഭിക്കുന്നതോടെ നഷ്ടപ്പെട്ടുപോയ നല്ല നാളുകൾ അൽപമെങ്കിലും വലയെറിഞ്ഞ് പിടിക്കാമെന്ന പ്രതീക്ഷയിൽ വള്ളങ്ങളുടെ അറ്രകുറ്റപ്പണിയും അനുബന്ധ സാധനങ്ങളും ഒരുക്കി കാത്തിരിക്കുകയാണ് ഇപ്പോൾ മത്സ്യത്തൊഴിലാളികൾ.

കൊഴിഞ്ഞുപോയ പ്രതീക്ഷകൾ

മത്സ്യബന്ധനത്തിന്റെ ഏറ്റവും നല്ല സീസണാണ് കൊഴിഞ്ഞുവീഴുന്നത്. സെപ്റ്റംബർ മുതൽ വറുതിയുടെ കാലം തുടങ്ങുകയാണ്. മാർച്ച് പകുതി മുതൽ ആഗസ്റ്റ് വരെയുള്ള സീസൺ സമയത്ത് സമ്പാദിക്കുന്നതും സ്വരൂക്കൂട്ടുന്നതുമാണ് മത്സ്യത്തൊഴിലാളികളുടെ ഒരു വർഷത്തേക്കുള്ള മൂലധനം. മക്കളുടെ പഠനം, വിവാഹം, വീട്, ബോട്ടുകൾ വാങ്ങൽ തുടങ്ങിയ സ്വപ്നങ്ങളെല്ലാം അവർ നേടിയെടുക്കുന്നത് ഈ കാലയളവിൽ കടലമ്മ നൽകുന്ന കനിവുകൊണ്ടാണ്. അതാണ് ഈ വർഷം നഷ്ടമായത്.