പ്രാവച്ചമ്പലം മുതൽ കൊടിനടവരെയുള്ള റോഡ് വികസനം അന്തിമഘട്ടത്തിൽ
തിരുവനന്തപുരം: കരമന - കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ട വികസനം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള റോഡ് വികസനമാണ് അന്തിമഘട്ടത്തിലെത്തിയിരിക്കുന്നത്. പദ്ധതിയുടെ ഫേസ് വണ്ണിലെ റീച്ച് ടൂവിലുള്ള പ്രദേശമാണിത്. റീച്ച് ടൂവിലെ രണ്ടാംഭാഗമായ കൊടിനട മുതൽ വഴിമുക്ക് വരെയുള്ള റോഡ് വികസനം അടുത്ത വർഷം ആദ്യം ആരംഭിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണം. ലോക്ക് ഡൗൺ കാലത്ത് കുറച്ചുനാൾ റോഡുപണി നിലച്ചെങ്കിലും പിന്നീട് പൊതുമാരാമത്ത് വകുപ്പ് പ്രത്യേക അനുവാദം നൽകിയതോടെ നിർമ്മാണം പുനരാംഭിക്കുകയായിരുന്നു. നാലുവരിപ്പാതയുടെ ടാറിംഗ്, മീഡിയൻ നിർമ്മാണം, ഓടകൾക്കു മുകളിൽ കോൺക്രീറ്റ് സ്ലാബിടുന്ന ജോലികൾ തുടങ്ങിയവയാണ് ഇപ്പോൾ നടക്കുന്നത്. എട്ടു ചെറിയപാലങ്ങൾ (കൾവർട്ട്) ഇതിനൊപ്പം നിർമ്മിക്കുന്നുണ്ട്. അയണിമൂട് കൾവർട്ടിന്റെ നിർമ്മാണം പൂർത്തിയായി. പള്ളിച്ചൽ തോടിനു കുറുകെയുള്ള കൾവർട്ടിന്റെ നിർമ്മാണം ഒന്നരമാസം കൊണ്ട് പൂർത്തിയാകും.
കൊടിനട വഴിമുക്ക് വികസനം വെല്ലുവിളി
പ്രാവച്ചമ്പലം മുതൽ വഴിമുക്ക് വരെയുള്ള റോഡ് വികസനം ഒരുമിച്ച് പൂർത്തായാക്കാനായിരുന്നു പദ്ധതി. പിന്നീടാണ് അത് കൊടിനട വരെയാക്കിയത്. സ്ഥലമേറ്റെടുപ്പ് സങ്കീർണത ഏറെയുള്ള ബാലരാമപുരം ജംഗ്ഷൻ ഉൾപ്പെടുന്ന പ്രദേശത്തിന്റെ വികസനം പാർട്ട് രണ്ട് എന്നാക്കുകയായിരുന്നു. കച്ചവട സ്ഥാപനങ്ങളും ആരാധനലായങ്ങളുമുള്ള പ്രദേശമാണിത്.
ഇപ്പോഴത്തെ നില
--------------------------------------------------
റിച്ച് ടൂ പാർട്ട് ഒന്ന്
പ്രാവച്ചമ്പലം- കൊടിനട
ദൂരം 5 കിലോമീറ്റർ
കരാർ തുക 112 കോടി രൂപ
കാലാവധി 2021 ജനുവരി
ട്രാഫിക് സിഗ്നലുകൾ
പ്രാവച്ചമ്പലം, പള്ളിച്ചൽ, മുടവൂർപ്പാറ, കൊടിനട
കൾവർട്ടുകൾ - എട്ട്
റീച്ച് ടൂ പാർട്ട് 2
കൊടിനട - വഴിമുക്ക്
ദൂരം - ഒന്നര കിലോമീറ്റർ
സ്ഥലമേറ്റെടുപ്പ് നടപടി തുടങ്ങി
ഭൂമിയേറ്റെടുക്കലിന് അനുവദിച്ചത് 98.1 കോടി രൂപ
ഫേസ് ടു വികസനം
വഴിമുക്ക്- കളിയിക്കാവിള
ദൂരം 17 കിലോമീറ്റർ
നടപടി - ഒന്നുമായില്ല
തടസങ്ങൾ നീക്കി മുന്നോട്ട്: മന്ത്രി ജി. സുധാകരൻ
തിരുവനന്തപുരം: കരമന - കളിയിക്കാവിള റോഡ് വികസനത്തിലെ പരാതികൾ പരിഹരിച്ചാണ് മുന്നോട്ടുപോകുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാൽ നിർമ്മാണത്തിന്റെ വേഗത കുറയും. അടുത്തഘട്ട നിർമ്മാണത്തിന്റെ നടപടികളിലേക്ക് സർക്കാർ കടന്നിട്ടുണ്ട് ''