തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ മൂലം വർഷംതോറുമുള്ള ഗണേശോത്സവനിമജ്ജന ഘോഷയാത്ര ഇക്കുറിയുണ്ടാവില്ലെന്ന് ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി കൺവീനർ ആർ.ഗോപിനാഥൻ നായർ, മുഖ്യകാര്യദർശി എം.എസ്. ഭുവനചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 23നാണ് ഗണേശോത്സവം. ആഘോഷങ്ങൾ മൂന്ന് ദിവസമായി ചുരുക്കി. 21 മുതൽ 23 മാത്രമായിരിക്കും പൂജാആഘോഷങ്ങൾ. വിഘ്‌നനിവാരണത്തിനായി വീടുകളിൽ മുൻവർഷങ്ങളിലേതു പോലെതന്നെ വിഗ്രഹപൂജ നടക്കും. പ്രാദേശികമായി പൂജ നടത്തുന്ന വിഗ്രഹങ്ങൾ 5അടി വരെ വലിപ്പത്തിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.പണി പൂർത്തിയായിട്ടുണ്ടെങ്കിലും വലിയ വിഗ്രഹങ്ങൾ ഒഴിവാക്കും. ആഘോഷ പരിപാടികൾക്ക് അനുമതിക്കായി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ട്രസ്റ്റ് കമ്മിറ്റി കത്ത് നൽകിയിട്ടുണ്ട്.
നഗരത്തിലെ വിഗ്രഹ നിമജ്ജനം ശംഖുംമുഖം തീരത്തും ഗ്രാമങ്ങളിലേത് അതത് പ്രദേശത്തും നടത്തും.നിമജ്ജനത്തിൽ ഒരു വിഗ്രഹത്തോടൊപ്പം പരമാവധി അഞ്ചുപേരെ മാത്രമേ ഉൾപ്പെടുത്തുള്ളൂവെന്ന് ഭാരവാഹികൾ പറഞ്ഞു.വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ഡോ. അശോകൻ, രാധാകൃഷ്ണൻ ബ്ലൂസ്റ്റാർ, ബാജി ഗോവിന്ദൻ, മോഹൻകുമാർ നായർ സി.ഡി.ആർ.സി., മണക്കാട് രാമചന്ദ്രൻ, മണക്കാട് സുരേന്ദ്രൻ, രാജൻ ആർ.സി.സി., ചെങ്കൽ ശ്രീകുമാർ തുടങ്ങിയവരും പങ്കെടുത്തു.