കേരളത്തോടുള്ള റെയിൽവേ അധികൃതരുടെ അവഗണനാമനോഭാവം പുതിയ കാര്യമല്ല. പുതിയ വികസന പദ്ധതികളുടെ കാര്യത്തിൽ മാത്രമല്ല യാത്രാസൗകര്യങ്ങൾ ചെറിയ തോതിൽ വർദ്ധിപ്പിക്കുന്ന വിഷയത്തിൽ പോലും സംസ്ഥാനത്തെ പാടേ അവഗണിക്കുകയാണ്. സംസ്ഥാന സർക്കാരും ജനപ്രതിനിധികളും റെയിൽവേ യാത്രക്കാരുമൊക്കെ ഇതിനെതിരെ നിരന്തരം ശബ്ദമുയർത്താറുണ്ട്. ഫലമൊന്നുമുണ്ടാകാറില്ലെന്നു മാത്രം. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനു കാലാകാലങ്ങളിൽ ലഭിച്ച വാഗ്ദാനങ്ങൾ അനവധിയാണ്. പുതിയ പാതകൾ, പുതിയ വണ്ടികൾ, സ്റ്റേഷൻ നവീകരണം, സിഗ്നൽ സംവിധാന പരിഷ്കരണം എന്നിങ്ങനെ നടപ്പാക്കേണ്ട പദ്ധതികൾ പലതുമുണ്ട്. പുതിയ പാതകളുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങൾക്ക് അനേക വർഷങ്ങളുടെ പഴക്കമുണ്ട്. വികസന പദ്ധതികൾ ഏറ്റെടുക്കുന്നില്ലെന്നു മാത്രമല്ല നിലവിലുള്ള സൗകര്യങ്ങൾ എങ്ങനെ കുറയ്ക്കാനാകുമെന്ന ഗവേഷണത്തിലാണ് അധികൃതർ. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേതാണ് ദീർഘദൂര ട്രെയിനുകൾക്ക് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലുള്ള സ്റ്റോപ്പുകൾ കുറയ്ക്കാനുള്ള തലതിരിഞ്ഞ തീരുമാനം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസുകളിൽ മിക്കവയും മുടങ്ങിക്കിടക്കുന്നതുകൊണ്ടാകും സ്റ്റോപ്പ് നിറുത്തലാക്കൽ തീരുമാനം വലിയ വിവാദമാകാതിരിക്കുന്നത്. സംസ്ഥാനത്ത് റെയിൽവേ കാര്യങ്ങളുടെ ചുമതലയുള്ള മരാമത്തു മന്ത്രി ജി. സുധാകരൻ ഇതിനകം ഈ നടപടിക്കെതിരെ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഒരു കാരണവശാലും തീരുമാനം നടപ്പാക്കരുതെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യം റെയിൽവേ വകുപ്പ് ചെവിക്കൊള്ളുമോ എന്ന് അറിവായിട്ടില്ല. റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാൽ തീരുമാനം അറിയാൻ കാത്തിരിക്കേണ്ടിവരും.
ദീർഘദൂര വണ്ടികളുടെ സ്റ്റോപ്പുകൾ കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത് റെയിൽവേ ബോർഡ് ചെയർമാനാണ്. അതിന് അദ്ദേഹം മുന്നോട്ടുവച്ച കാരണമാകട്ടെ അതിവിചിത്രവുമാണ്. അൻപതു റിസർവ്ഡ് യാത്രക്കാരെങ്കിലും കയറാനോ ഇറങ്ങാനോ ഇല്ലാത്ത സ്റ്റേഷനുകളിൽ ദീർഘദൂര വണ്ടികൾ നിറുത്തേണ്ടതില്ലെന്നാണ് ബോർഡ് തീരുമാനമെടുത്തിരിക്കുന്നത്. സ്റ്റോപ്പുകൾ ഒഴിവാക്കുന്നതിലൂടെ സമയ ലാഭമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ദീർഘദൂര യാത്രക്കാർക്കും അത് ഗുണകരമാകുമത്രെ. എന്നാൽ കേരളം പോലൊരു സംസ്ഥാനത്ത് നഗര - ഗ്രാമ വ്യത്യാസമില്ലാതെ ജനവാസ മേഖലയായതിനാൽ റെയിൽവേ യാത്രാസൗകര്യം ലഭ്യമാക്കേണ്ടത് കേവല നീതിയാണ്. യാത്രക്കാരുടെ എണ്ണം നോക്കിയല്ല പ്രധാന സ്ഥലങ്ങളിൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത്. ജനങ്ങളുടെ സൗകര്യവും സ്ഥലത്തിന്റെ പ്രാധാന്യവും പട്ടണത്തോടുള്ള സാമീപ്യവുമെല്ലാം ദീർഘദൂര വണ്ടികളുടെ സ്റ്റോപ്പ് നിർണയത്തിനുള്ള മാനദണ്ഡങ്ങളാണ്. അൻപതുപേർ കയറാനുണ്ടെങ്കിൽ മാത്രമേ എക്സ്പ്രസ് വണ്ടി നിശ്ചിത സ്റ്റേഷനിൽ നിറുത്താവൂ എന്നു ശാഠ്യം പിടിച്ചാൽ സംസ്ഥാനത്തെ ഭൂരിഭാഗം സ്റ്റേഷനുകളിലും ദീർഘദൂര വണ്ടികൾ നിറുത്താനാവുകയില്ല. ഇപ്പോഴത്തെ കണക്കനുസരിച്ച് മുപ്പതിലേറെ സ്റ്റേഷനുകളെങ്കിലും പട്ടികയ്ക്കു പുറത്താകും. അന്യസംസ്ഥാനങ്ങളിലേക്കുള്ള ട്രെയിൻ പിടിക്കാൻ ആളുകൾക്ക് ജില്ലാ ആസ്ഥാനത്തുള്ള പ്രധാന സ്റ്റേഷനിലേക്ക് എത്തേണ്ടിവരും. പത്തോ പന്ത്രണ്ടോ സ്റ്റേഷനുകൾ മാത്രമേ ഈ ഗണത്തിൽ വരികയുള്ളൂ. ഭൂരിഭാഗം വണ്ടികൾക്കും ഇപ്പോൾ സ്റ്റോപ്പുള്ള ഈ സ്റ്റേഷനുകളെ ആശ്രയിച്ചു പോന്നവർക്ക് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നഗരങ്ങളിലെ പ്രധാന സ്റ്റേഷനുകളാകും ശരണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിന്ന് ദീർഘദൂര യാത്രക്കാർ കൂടുതലാണ്. അന്യദേശങ്ങളിൽ പോയി തൊഴിലെടുക്കുന്നവർ ലക്ഷക്കണക്കിനു വരും. അതുകൂടി കണക്കിലെടുത്താണ് സംസ്ഥാനത്ത് ഒട്ടുമിക്ക സ്റ്റേഷനുകളിലും പ്രധാന ട്രെയിനുകൾക്കെല്ലാം സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കാൻ ജനപ്രതിനിധികളും യാത്രക്കാരുടെ സംഘടനയും നിരന്തരം മുറവിളി ഉയർത്തുന്നതിനിടയിലാണ് നിലവിലുള്ള സ്റ്റോപ്പുകൾ പോലും നിറുത്തലാക്കാനുള്ള ആലോചന. യാത്രക്കാരുടെ താത്പര്യങ്ങൾ തെല്ലും പരിഗണിക്കാതെ നടപ്പാക്കാനൊരുങ്ങുന്ന ഈ ഭ്രാന്തൻ പരിഷ്കാരം ഉപേക്ഷിക്കാൻ റെയിൽവേ തയ്യാറാകണം. സംസ്ഥാനത്തിന്റെ റെയിൽവേ വികസനാവശ്യങ്ങളോട് പൂർണമായും മുഖം തിരിച്ചു നിൽക്കുന്ന റെയിൽ മന്ത്രിയും റെയിൽവേ ബോർഡും യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം. മുപ്പതിലധികം സ്റ്റേഷനുകളിൽ ഒറ്റയടിക്ക് സ്റ്റോപ്പുകൾ നിറുത്തലാക്കുന്നതിലൂടെ യാത്രക്കാർക്കുണ്ടാകുന്ന പ്രയാസങ്ങൾ കണക്കിലെടുത്തേ മതിയാകൂ. സംസ്ഥാനത്തു നിന്നുള്ള ജനപ്രതിനിധികൾ ഒറ്റക്കെട്ടായി റെയിൽവേ അധികൃതരെ കണ്ട് അപക്വവും അന്യായവുമായ തീരുമാനം റദ്ദാക്കിക്കണം.
ഒന്നര വർഷം മുൻപ് കന്യാകുമാരിയിലേക്കുള്ള പാതയിരട്ടിപ്പിക്കൽ ജോലി ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്ത് എത്തിയ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ സംസ്ഥാനത്തിനു ഒട്ടേറെ വാഗ്ദാനങ്ങൾ നൽകിയത് ഓർക്കുന്നു. വികസന പദ്ധതികളിൽ പ്രധാനമായ ഇരട്ടപ്പാതയോടൊപ്പം നേമം ടെർമിനൽ യാഥാർത്ഥ്യമാക്കുന്നതിനെക്കുറിച്ചും മോഹിപ്പിക്കുന്ന വാഗ്ദാനം അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. പാതയിരട്ടിപ്പിക്കലും ടെർമിനൽ വികസനവും ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ല. ആവശ്യമായ തുക അനുവദിക്കാത്തതുതന്നെ കാരണം. സെൻട്രൽ സ്റ്റേഷനിലെ സ്ഥലച്ചുരുക്കമാണ് സംസ്ഥാനത്തിന് പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിനു പ്രധാന തടസം. വർഷങ്ങളായി തുടരുന്ന ഈ ദുർഗതി മാറണമെങ്കിൽ നേമത്ത് പുതിയ ടെർമിനൽ വന്നേ മതിയാകൂ. അതിനാവശ്യമായ പണം അനുവദിക്കുന്നതിൽ ഉപേക്ഷ കാണിക്കുന്ന റെയിൽവേ പതിവുപോലെ പദ്ധതിയിൽ നിന്ന് പിൻവാങ്ങുമോ എന്ന സംശയവും ഉയരുന്നുണ്ട്. കന്യാകുമാരിയിലേക്കുള്ള പാത ഇരട്ടിപ്പിന്റെ കാര്യത്തിലും മന്ദഗതിയാണു കാണുന്നത്. സ്ഥലമെടുപ്പാണ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാന സർക്കാരിനാണ് ഇതിന്റെ ചുമതല. റെയിൽവേ വികസനത്തിൽ നാഴികക്കല്ലായി മാറേണ്ട രണ്ട് പദ്ധതികളാണ് നേമം ടെർമിനലും കന്യാകുമാരി ഇരട്ടപ്പാതയും. ഈ രണ്ട് പദ്ധതികളുടെയും കാര്യത്തിൽ ഇപ്പോഴുണ്ടായിരിക്കുന്ന സ്തംഭനം മാറ്റിയെടുക്കാൻ സംസ്ഥാന സർക്കാർ റെയിൽവേ അധികൃതരിൽ ശക്തമായ സമ്മർദ്ദം ചെലുത്തേണ്ടിയിരിക്കുന്നു.