കല്ലമ്പലം: തോരാതെ പെയ്യുന്ന മഴയിലും കാറ്റിലും നാവായിക്കുളം മേഖലയിൽ വ്യാപക കൃഷി നാശം. കോട്ടറക്കോണം ജെ.ജെ മൻസിലിൽ ജലീലിന്റെ പുരയിടത്തിലെ അമ്പതോളം വാഴകളും, കോട്ടറക്കോണം നെല്ലിക്കാട്ടു വീട്ടിൽ കരുണന്റെ ഇരുന്നോറോളം വാഴകളും, കുടവൂർ സ്വദേശി രവിയുടെ മുപ്പത്തഞ്ചോളം വാഴകളും കാറ്റിൽ ഒടിഞ്ഞു വീണു. പലയിടങ്ങളിലും കൃഷികൾ വെള്ളത്തിനടിയിലായി. കുടവൂർ ഏലായിലെ കൃഷികളെല്ലാം തന്നെ വെള്ളത്തിനടിയിലായതായി കുടവൂർ പാടശേഖരസമിതി അറിയിച്ചു. മടവൂർ, കരവായിക്കോണം, കുടവൂർ എന്നിവിടങ്ങളിൽ മരങ്ങൾ കട പുഴകി വീണു. മരച്ചില്ലകൾ ഒടിഞ്ഞു വീണും മറ്റും ലൈൻ കമ്പികൾ പൊട്ടിയത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങാൻ കാരണമായി.