ajayakumar

ഉഴമലയ്ക്കൽ: ബൈക്കിൽ സഞ്ചരിക്കവെ കൂറ്റൻ ആഞ്ഞിലിമരം ഒടിഞ്ഞുവീണ് മരിച്ച ഉഴമലയ്ക്കൽ കുളപ്പട സുവർണനഗർ എ.കെ.ഭവനിൽ ബി.അജയകുമാറിന് ജന്മനാടിന്റെ അന്താഞ്ജലി. വ്യാഴാഴ്ച രാവിലെ 8.30 ഓടെയാണ് മരം ഒടിഞ്ഞുവീണ് നെടുമങ്ങാട് കെ.എസ്.ഇ.ബി സെക്‌ഷൻ ഒാഫീസിലെ മസ്ദൂർ ജീവനക്കാരനായ അജയകുമാറിന്റെ ജീവൻ പൊലിഞ്ഞത്. വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം കെ.എസ്.ഇ.ബി നെടുമങ്ങാട് ഓഫീസിൽ പൊതു ദർശനത്തിന് വച്ച ശേഷം വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. വ്യാഴാഴ്ച രാവിലെ മരണം സംഭവിച്ചെങ്കിലും ഇന്നലെ ഉച്ചയോടെയാണ് അജയകുമാറിന്റെ ഭാര്യയും മക്കളും അമ്മയും മരണവിവരം അറിയുന്നത്. വീട്ടുകാരുടെ വിലാപം നാട്ടുകാർക്കും നൊമ്പരമായി. ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.റഹിം,ഗ്രാമപഞ്ചായത്തംഗങ്ങൾ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, കെ.എസ്.ഇ.ബി യിലെ സഹപ്രവർത്തകർ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.