വർക്കല: വർക്കല താലൂക്കിൽ കനത്ത മഴയെ തുടർന്ന് പലയിടത്തും വ്യാപകമായ നാശനഷ്ടം. വെട്ടൂർ ഗ്രാമപഞ്ചായത്തിലെ വലയന്റെ കുഴി അമ്മൻ നടയ്ക്ക് സമീപം പുത്തൻവീട്ടിൽ ചെല്ലമ്മയുടെ വീടിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ തകർന്നുപോയി. നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ ചിറ്റായിക്കോണം തറയിൽ വീട്ടിൽ സുഭാഷിണിയുടെ വീട് ഭാഗികമായി തകർന്നു. നാവായിക്കുളം കുടവൂർ കോണം ചരുവിള വീട്ടിൽ ഭാരതിയുടെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു.വീടിന്റെ ചുമർ ഭിത്തികളും തകർന്നുവീണു. ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ കല്ലുവിള വീട്ടിൽ ലിസിയുടെ വീടിന്റെ മുകളിലേക്ക് മരം കടപുഴകി വീടിന് ഭാഗികമായി നാശനഷ്ടമുണ്ടായി. ചെറുന്നിയൂർ കല്ലുമല കുന്നിൽ പുതുവൽ വിള വീട്ടിൽ ശശിധരന്റെ വീടിന്റെ ഭിത്തികൾ ഇടിഞ്ഞുവീണ് നാശനഷ്ടമുണ്ടായി. വർക്കല തീരമേഖലയിൽ ശക്തമായ കടൽക്ഷോഭവും രൂക്ഷമായിട്ടുണ്ട്. ചിലക്കൂർ, വളളക്കടവ്, റാത്തിക്കൽ ,വെട്ടൂർ, അരിവാളം, ഇടവ, വെറ്റകട, കാപ്പിൽ, ശ്രീയേറ്റ് തിരുവമ്പാടി, പാപനാശം തുടങ്ങി തീരപ്രദേശത്ത് ശക്തമായ തിരമാലകൾ അടിച്ചു കയറുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ചിലക്കൂർ വളളക്കടവ് പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ കുടിലുകളിൽ വെളളം അടിച്ച് കയറുന്നത് കുടുംബങ്ങൾക്ക് ഭീഷണി ഉയർത്തുന്നുണ്ട്. തൊടുവേ കനാലിൽ വെളളം ഉയർന്നിട്ടുണ്ട്. രാമന്തളി, തൊട്ടിപ്പാലം, തൊടുവേ കോളനികളിൽ തിങ്ങിപ്പാർക്കുന്ന കുടുംബങ്ങളും ഭീതിയുടെ നിഴലിലാണ്. ഇടവ, മേക്കുളം, കൽക്കുളം എന്നിവിടങ്ങളിൽ വെളളക്കെട്ടും രൂക്ഷമാണ്.താലൂക്കില പാടശേഖരങ്ങളിൽ വെളളം കയറിയത് കൃഷിക്ക് ഭീഷണി ഉയർത്തുന്നു.

വർക്കല കെ.എസ്.ഇ.ബി സെക്‌ഷൻ പരിധിയിലെ അമ്മനട, പ്ലാവാഴികം, മേൽ വെട്ടൂർ, അക്കര വിള, ശ്രീനിവാസപുരം, ടീച്ചേഴ്സ് കോളനി, വർക്കല ഹൈസ്കൂൾ, കണ്ണബ , തൊടുവേ കോളനി, പുന്നമൂട് തുടങ്ങി വിവിധ പ്രദേശങ്ങളിൽ പത്തോളം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീഴുകയും 11 കെ.വി ലൈനുകളും പൊട്ടി വീഴുകയും ചെയ്തു. ഇതോടെ പലയിടത്തും വൈദ്യുതിബന്ധം തകരാറിലായി. കെ.എസ്.ഇ.ബി അധികൃതർ എത്തി വൈദ്യുതി ബന്ധം വൈകിട്ടോടെ പുനഃസ്ഥാപിച്ചു. കടൽക്ഷോഭവും ശക്തമായ കാറ്റും നിമിത്തം വർക്കല തീരമേഖലയിൽ മത്സ്യബന്ധനത്തിന് നാമമാത്രമായാണ് തൊഴിലാളികൾ കടലിൽ പോയത്.