നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയിൽ പി.എം.എ.വൈ പദ്ധതി പ്രകാരം ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഭവന നിർമ്മാണ ഗുണഭോക്താക്കളുടെ പക്കൽ നിന്ന് നഗരസഭ ഈടാക്കിയ ഗുണഭോക്തൃ വിഹിത തുക അടിയന്തരമായി തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ രംഗത്ത്.ആളൊന്നിന് അമ്പതിനായിരം രൂപ എന്ന നിലയിൽ ആദ്യ ഡി.പി.ആറിൽ ഉൾപ്പെട്ട 750 ഗുണഭോക്താക്കളിൽ നിന്നാണ് നഗരസഭ അഡ്വാൻസ് തുക കൈപ്പറ്റിയത്.അവസാന ഗഡു വിതരണം ചെയ്ത വേളയിൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രി അഡ്വാൻസ് തുക ഉടനെ തിരിച്ചു നൽകുമെന്ന് ഉറപ്പ് നൽകിയതാണെന്ന് മുൻ നഗരസഭ ചെയർമാൻ വട്ടപ്പാറ ചന്ദ്രൻ, കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ടി.അർജുനൻ, കൗൺസിലർ കെ.ജെ ബിനു എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഡ്വാൻസ് തുകയായി അടച്ച പണം ഇവർക്ക് ഉടൻ തിരികെ നൽകണമെന്ന് നഗരസഭ ചെയർമാന് നൽകിയ നിവേദനത്തിൽ പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. കൗൺസിലർമാരായ ജെ.റോസല, എം.എസ്.ബിനു, ഒ.എസ് ഷീല, അഡ്വ.നൂർജി, ഗീത വിജയൻ, എൻ.ഫാത്തിമ, ഹസീന, പി.എസ് അനൂപ്, രവീന്ദ്രൻ, ടി.ലളിത എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.