തിരുവനന്തപുരം:നഗരത്തിൽ കൊവിഡ്,പകർച്ച വ്യാധി ഭീഷണികൾ ഒരു പോലെ നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ മുഴുവൻ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ശക്തിപ്പെടുത്താൻ നഗരസഭ നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി 1800 രൂപ വിലയുള്ള ബയോ കമ്പോസ്റ്റർ കിച്ചൺ ബിന്നുകൾ നഗരത്തിലെ മുഴുവൻ വീടുകൾക്കും സൗജന്യമായി നൽകുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു. വീടുകളിലുണ്ടാകുന്ന ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി നിക്ഷേപിക്കുന്നതിലൂടെ പകർച്ചവ്യാധികൾ ഉടലെടുക്കാനും പടർന്ന് പിടിക്കാനുമുള്ള സാദ്ധ്യത കൂടുതലാണ്. ഇത്തരം അപകടരമായ സാഹചര്യങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായി ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കാനും കഴിയുന്ന മാലിന്യ സംസ്‌കരണ സംവിധാനമാണ് കിച്ചൺ ബിൻ മാലിന്യങ്ങൾ ശേഖരിക്കുന്ന തൊഴിലാളികളുടെ സുരക്ഷയും ഈ സംവിധാനം വഴി ഉറപ്പു വരുത്താനാവും.

ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് കമ്പോസ്റ്റാക്കി മാറ്റാം

വീടുകളിൽ സ്ഥാപിക്കുന്ന മൂന്ന് തട്ടുകളുള്ള കിച്ചൺ ബിൻ യൂണിറ്റ് ഉപയോഗപ്പെടുത്തി അഞ്ചംഗ കുടുംബത്തിന് ശരാശരി രണ്ട് മാസക്കാലം വരെയുണ്ടാകുന്ന ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് കമ്പോസ്റ്റാക്കി മാറ്റാൻ കഴിയും.കിച്ചൺ ബിൻ സ്ഥാപിക്കുന്ന വീടുകൾക്ക് ആവശ്യമായ സഹായം നൽകാനായി 100 വാർഡുകളിലും ഹരിതകർമ്മ സേനകളെ നിയോഗിച്ചിട്ടുണ്ട് .300 വീടുകൾക്ക് ഒരു ഗ്രീൻ ടെക്നീഷ്യനേയും നിയോഗിച്ചു.കിച്ചൺ ബിൻ സ്ഥാപിക്കുന്നവർക്ക് അതതു പ്രദേശങ്ങളിൽ ചുമതലയുള്ള സർവീസ് പ്രൊവൈഡർമാർ വീടുകളിലെത്തി കിച്ചൺബിൻ സ്ഥാപിച്ച് മാലിന്യ സംസ്‌കരണ രീതിയെക്കുറിച്ച് പരിചയപ്പെടുത്തും.കിച്ചൺ ബിന്നുകൾ സ്ഥാപിച്ചിട്ടുള്ള വീടുകളിൽ നഗരസഭ പുറത്തിറക്കിയ അജൈവ മാലിന്യ ശേഖരണ കലണ്ടർ പ്രാകാരം അജൈവ മാലിന്യങ്ങളും അതത് വാർഡുകളിൽ നിശ്ചയിച്ചിട്ടുള്ള സർവീസ് പ്രൊവൈഡർമാർ വന്ന് ശേഖരിക്കും.ബയോ കമ്പോസ്റ്റർ കിച്ചൺ ബിന്നുകൾ ആവശ്യമുള്ളവർക്ക് അസോസിയേഷൻ ഭാരവാഹികൾ വഴിയോ ഹെൽത്ത് ഇൻസ്‌പെക്ടർ ഓഫീസ് വഴിയോ, smarttrivandrum എന്ന മൊബൈൽ ആപ്പിലൂടെയോ ആവശ്യപ്പെടാം.കൂടുതൽ വിവരങ്ങൾക്ക്: ഫോൺ.9447308048 , 7012211314 , 8891966649.