കിളിമാനൂർ: കൊവിഡ് കാല ലോക്ക് ഡൗൺ നൽകിയ ദുരിതത്തിൽ നിന്നും കരകയറാൻ ഓണവിപണിയെങ്കിലും സഹായിക്കുമെന്ന് വിചാരിച്ച കർഷകർക്ക് വൻ തിരിച്ചടിയായി ദിവസങ്ങളായി പെയ്തുകൊണ്ടിരിക്കുന്ന തോരാമഴയും ശക്തമായ കാറ്റും. വിദേശത്ത് നിന്നും നാട്ടിൽ വന്നവരും കൊവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടവരുമായ നിരവധി ആളുകൾ കൃഷിയിലേക്ക് തിരിയുകയും സ്വന്തം ഭൂമിയിലും, ലക്ഷങ്ങൾ മുടക്കി പാട്ടത്തിനെടുത്തു കൃഷി തുടങ്ങിയവരുമാണിപ്പോൾ തീരാദുഃഖത്തിലായത്.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാറ്റിൽ ഏക്കറുകണക്കിന് വാഴയും, റബർ മരങ്ങളുമാണ് ഒടിഞ്ഞു വീണത്. വാഴയ്ക്ക് വിള ഇൻഷ്വറൻസ് ഉണ്ടെങ്കിൽ പോലും കർഷകർക്ക് നഷ്ടപരിഹാരം ഒന്നും ലഭിക്കുന്നില്ല. ഓണവിപണി ലക്ഷ്യമാക്കി നിറുത്തിയിരുന്ന പാകമാകാറായ പതിനായിരക്കണക്കിന് വഴക്കുലകളാണ് നശിച്ചുപോയത്. കല്യാണങ്ങളും ആഘോഷങ്ങളിലേയുമെല്ലാം ആളെണ്ണം അത് കുറച്ചപ്പോൾ വാഴഇല വിപണിയെയും ബാധിച്ചു. വാഴയിലയിൽ സദ്യ കഴിക്കുന്ന ഓണത്തിനെങ്കിലും ഇല വിപണി ഉണരുമെന്നു സ്വപ്നം കണ്ട ഇലവെട്ട് തൊഴിലാളികളും വെട്ടിലായി.
റബർ വിപണിയിൽ വിലയിൽ ഗണ്യമായ ഉയർച്ചയുണ്ടെങ്കിലും തോരാത്ത മഴയിൽ റബർ വെട്ടാനും പറ്റുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാറ്റിൽ പെട്ട് ലക്ഷകണക്കിന് രൂപയുടെ മരങ്ങളാണ് ഒടിഞ്ഞും പിഴുതുവീണും നശിച്ചത്. ഇത് റബർ കർഷകരെയും ടാപ്പിംഗ് തൊഴിലാളികളെയും പ്രതികൂലമായി ബാധിച്ചു. അതിനിടയിൽ പന്നികൾ കൂട്ടത്തോടെ ഇറങ്ങി റബറിന്റെ തൊലി കുത്തി നശിപ്പിക്കുന്നു. ഓണത്തിന് ശമ്പളവും ബോണസുമായി തൊഴിലാളികൾക്ക് കൊടുക്കാനുള്ള തുകയ്ക്ക് പോലും വഴി കണ്ടെത്താനാവാതെ റബർ കർഷകർ.